ഇടിമിന്നലേറ്റ് രണ്ട് മരണം; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

മലപ്പുറത്ത് നിലമ്പൂരിലും കൊല്ലത്ത് അഞ്ചലിലുമാണ് ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചത്. നിലമ്പൂരിനടുത്ത് ചോക്കാട് ഇടിമിന്നലേറ്റ് മോഹനന്‍ എന്നയാളാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ചേന്നന്‍ എന്നയാള്‍ക്ക് പരിക്കേറ്റു. അഞ്ചല്‍ കോട്ടുക്കലില്‍ ദേവി സദനത്തില്‍ വിശ്വനാഥപിള്ള എന്നയാളാണ് ഇടിമിന്നലേറ്റ് മരിച്ചത്. വയലില്‍ പണിയെടുക്കുന്നതിനിടയിലാണ് മിന്നലേറ്റത്. മലപ്പുറം മേലാറ്റൂരില്‍ ഇടിമിന്നലേറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.സംസ്ഥാനത്ത് പലയിടത്തും വേനല്‍ മഴയെത്തിയതോടെയാണ് ഇടിമിന്നലില്‍ മരണം.കേരളത്തില്‍ നാളെ മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വേനല്‍ മഴയോടനുബന്ധിച്ച്‌ വൈകുന്നേരം നാല് മണി മുതല്‍ രാത്രി 10 മണി വരെ ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ടെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി.

ജൂണ്‍ 6,7 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.

ഇടിമിന്നല്‍ – ജാഗ്രതാ നിര്‍ദേശങ്ങള്‍

പൊതുജനങ്ങള്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണെന്നാണ് നി‍‌ര്‍ദ്ദേശം. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും മുന്നറിയിപ്പുണ്ട്.

ദുരന്ത നിവാരണ അതോറിറ്റിയുടെ നി‍‌ര്‍ദ്ദേശങ്ങള്‍..

വൈകീട്ട് 4 മണി മുതല്‍ കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കുന്നതില്‍ നിന്നും വിലക്കുക.

രാത്രി കാലങ്ങളില്‍ വൈദ്യുത ഉപകരണങ്ങളുടെ കേബിളുകള്‍ രാത്രി കാലത്തുണ്ടാവുന്ന ഇടിമിന്നലില്‍നിന്നും കേടുപാടുകള്‍ ഉണ്ടാവാതിരിക്കാനായി ഊരി ഇടാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

പൊതു നിര്‍ദേശങ്ങള്‍..

ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.

ഗൃഹോപകരണങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

ജനലും വാതിലും അടച്ചിടുക.

ഫോണ്‍ ഉപയോഗിക്കരുത്‌.

ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക.

വാഹനത്തിനുള്ളില്‍ ആണങ്കില്‍ തുറസ്സായ സ്ഥലത്ത്‌ നിര്‍ത്തി, ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം.

ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ ഇറങ്ങുവാന്‍ പാടില്ല.

മിന്നലിന്‍റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കഴ്ച്ചയോ കേഴ്‌വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്‍റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാല്‍ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്‌.

വളര്‍ത്തുമൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: