നിപ ഭീതി അകലുന്നു, നിരീക്ഷണത്തിലുള്ള ആറു പേര്‍ക്കും രോഗമില്ലെന്നു സ്ഥിരീകരണം

കൊച്ചി: സംസ്ഥാനത്ത് നിപ ലക്ഷണങ്ങളോടെ ഐസൊലേഷന്‍ വാര്‍ഡിലുള്ള ആറു പേരുടെയും പരിശോധനാ ഫലം നെഗറ്റിവ് ആണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. നിപ സ്ഥിരീകരിച്ച വിദ്യാര്‍ഥിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായും ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നിപ സ്ഥിരീകരിച്ച വിദ്യാര്‍ഥിയുമായി സമ്ബര്‍ക്കത്തില്‍ ആയിരുന്നവര്‍ ഉള്‍പ്പെടെ ഏഴു പേരാണ് കൊച്ചി മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ഉള്ളത്. ഇവരില്‍ ആറു പേരുടെ സാംപിളുകളുടെ പരിശോധനാ ഫലമാണ് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നു ലഭിച്ചത്. ആറു പേരുടെയും പരിശോധനാ ഫലം നെഗറ്റിവ് ആണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഐസൊലേഷന്‍ വാര്‍ഡില്‍ ഉളള ഒരാളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

രോഗം വലിയ തോതില്‍ വ്യാപിച്ചിട്ടില്ലെന്ന പ്രതീക്ഷയാണ് ഇപ്പോള്‍ ഉള്ളതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ആശ്വാസകരമായ അവസ്ഥയാണിത്. വവ്വാലില്‍നിന്നാണ് രോഗം പടര്‍ന്നത് എന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീര്‍പ്പില്‍ എത്തിയിട്ടില്ല.
പരിശോധനാ ഫലം നെഗറ്റിവ് ആയതുകൊണ്ട് നിരീക്ഷണത്തില്‍ ഉള്ളവരെ ഉടന്‍ വിട്ടയയ്ക്കില്ല. ഇവരെ നിരീക്ഷിക്കുന്നതു തുടരും. ഐസൊലേഷന്‍ വാര്‍ഡില്‍നിന്നു നിരീക്ഷണ വാര്‍ഡിലേക്കു മാറ്റും. ലക്ഷണങ്ങള്‍ പൂര്‍ണമായി വിട്ടുപോയതിനു ശേഷമേ ഇവരെ വിട്ടയയ്ക്കൂ. ഇക്കാര്യത്തില്‍ കൃത്യമായി പ്രോട്ടോകോള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
നിപ ഭീതി അകന്നു എന്നാണ് ഈ ഘട്ടത്തില്‍ പറയാവുന്നത്. എന്നാല്‍ നിപ ഇല്ലാതായി എന്നു പ്രഖ്യാപിക്കാറിയിട്ടില്ല. ആശങ്ക വേണ്ട, എന്നാല്‍ ജാഗ്രത തുടരേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: