സംസ്ഥാനത്ത് റെക്കോർഡ് വിജയം നേടി കടമ്പൂർ ഹൈസ്കൂൾ

ഇത്തവണയും എസ്എസ്എൽസി പരീക്ഷയിലെ മേൽക്കോയ്മ ആർക്കും വിട്ടുകൊടുക്കാതെ നേട്ടത്തിന്റെ കൊടുമുടിയിലാണ് കണ്ണൂർ ജില്ലയിലെ കടമ്പൂർ ഹൈസ്കൂൾ . കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരുത്തി നൂറുശതമാനം വിജയം കരസ്ഥമാക്കിയാണ് കടമ്പൂരിന്റെ വിജയക്കുതിപ്പ് തുടരുന്നത്. 1104 കുട്ടികളെയാണ് ഇത്തവണ കടമ്പൂർ സ്കൂളിൽ എസ് എസ് എൽസി പരീക്ഷ എഴുതിയത്. മുഴുവൻ കുട്ടികളും വിജയിച്ചു എന്നമാത്രമല്ല 164 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയതോടെ കടമ്പൂരിന്റെ വിജയത്തിന്റെ മാറ്റ് കൂടി. എല്ലാവർഷവും കേരളത്തിലെ ഏറ്റവും കൂടുതൽ കുട്ടികളെ എസ്എസ് എൽസി പരീക്ഷക്കിരുത്തി നൂറുശതമാനം വിജയം നേടുന്ന കടമ്പൂരിന് ഇത്തവണ മധുരം ഏറെയാണ്. മികച്ച രീതിയിലുള്ള പഠനരീതികളും അടിസ്ഥാനസൗകര്യങ്ങളും കുട്ടികൾക്ക് ഒരുക്കി അദ്ധ്യാപകരും രക്ഷിതാക്കളും ഒത്തൊരുമിച്ചാണ് മികച്ച വിജയം നേടിയെടുക്കുന്നത്. സ്കൂൾ മാനേജർ മുരളീധരനും പ്രധാനഅദ്ധ്യാപിക സ്മിത ടീച്ചറും അധ്യാപകരും ഇൗ വിജയത്തിനു പിന്നിൽ കുറച്ചൊന്നുമല്ല വിയർപ്പൊഴുക്കിയത്. ഒാരോവർഷവും കൂടുതൽ തിളക്കമേറി എസ്എസ്എൽസി പരീക്ഷ ഫലം വരുമ്പോൾ കൂടുതൽ കൂടുതൽ വിജയത്തിലേക്കാണ് കടമ്പൂർ സ്കൂളിന്റെ യാത്ര. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കു പോലും പ്രവേശനം നൽകി അവർക്ക് പ്രത്യേക ക്ലാസുകൾ ഒരുക്കിയാണ് വിജയം സ്കൂൾ കൈപ്പിടിയിലൊതുക്കുന്നത്. പഠനത്തിലെ മികവ് പാഠ്യേതര മേഖലകളിലും സ്കൂൾ കാഴ്ചവെക്കുന്നുണ്ട്. ജില്ലാസ്കൂൾ കലോൽസവത്തിലും സംസ്ഥാനസ്കൂൾ കലോൽസവത്തിലും കടമ്പൂരിലെ കുട്ടികൾ ട്രോഫികളുമായേ മടങ്ങിവരാറുള്ളു. കായികമേഖലയിലും സംസ്ഥാനത്ത് ഇൗ സ്കൂളിലെ കുട്ടികൾ മുൻപന്തിയിലാണ്. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് സ്കൂളിന്റെ ചെലവിൽ പ്രത്യേക താമസവും ഭക്ഷണവുമൊക്കെ ഒരുക്കിയാണ് പരീക്ഷക്കായി ഒരുക്കുന്നത്. അത് നൂറുശതമാനം വിജയത്തിലേക്കെത്തുമ്പോൾ കഠിനദ്ധ്വാനം ചെയ്ത അധ്യാപകർക്കുള്ള സമ്മാനമാകുകയാണ്. എസ് എസ് എൽസി പരീക്ഷക്ക് പുറമേ ഹയർ സെക്കണ്ടറി പരീക്ഷയിലും കടമ്പൂർ ഹയർസെക്കണ്ടറി സ്കൂൾ നൂറുശതമാനം വിജയം കരസ്ഥമാക്കുന്നുണ്ട്. ഇത്തവണ ഫലം വരുമ്പോൾ ഹയർസെക്കണ്ടറിയിലും മികച്ച വിജയപ്രതീക്ഷയിലാണ് സ്കൂൾ അധികൃതർ . സ്കൂളിനെതിരെ സംഘടിതമായി ചിലസ്ഥലങ്ങളിൽ നിന്ന് ആരോപണങ്ങൾ ഉയർത്തിവിടുന്നവർക്കുള്ള മറുപടി കൂടിയാണ് തിളക്കമാർന്ന വിജയമെന്ന് മാനേജ്മെന്റ് പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: