ലോക് ഡൗണ്‍ ലംഘനം: മല്‍സ്യമാര്‍ക്കറ്റുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി

കൊറോണയുടെ സാമൂഹിക വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ജില്ലയിലെ ഏതാനും മല്‍സ്യ മാര്‍ക്കറ്റുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായി. കണ്ണൂര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റ്, ഹാജി റോഡ്, എസ്എം റോഡ്, ആയിക്കര, അഴീക്കോട് നീര്‍ക്കടവ്, തലശ്ശേരി എന്നിവിടങ്ങളിലെ മല്‍സ്യ മാര്‍ക്കറ്റുകളിലാണ് കേരള പകര്‍ച്ചവ്യാധി നിയമം, ദുരന്തനിവാരണ നിയമം എന്നിവ പ്രകാരം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഇവിടങ്ങളില്‍ സാമൂഹ്യ അകലം പാലിക്കുക പോലും ചെയ്യാതെ ആളുകള്‍ തടിച്ചുകൂടുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇവിടങ്ങളില്‍ ആളുകള്‍ കൂടിനില്‍ക്കുന്നതും ഒരേ സമയം അഞ്ചില്‍ കൂടുതല്‍ ആളുകള്‍ മാര്‍ക്കറ്റില്‍ പ്രവേശിക്കുന്നതും വിലക്കാന്‍ പോലിസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാര്‍ക്കറ്റില്‍ വരുന്നവര്‍ സാമൂഹിക അകലം സൂക്ഷിക്കുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം. ഇവിടങ്ങളില്‍ പോലിസ് പരിശോധന കര്‍ശനമാക്കണമെന്നും ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗം പ്രദേശം അണുവിമുക്തമാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ രണ്ടുവര്‍ഷം തടവ് ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ക്ക് വിധേയരാവുമെന്നും ഉത്തരവ് വ്യക്തമാക്കി.
ഭക്ഷ്യയോഗ്യമല്ലാത്ത മല്‍സ്യം വില്‍പ്പനക്കെത്തുന്നുവെന്നു കണ്ടെത്തിയ പശ്ചാത്തലത്തില്‍ മല്‍സ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഭക്ഷ്യസുരക്ഷ, തദ്ദേശ സ്ഥാപനങ്ങള്‍, ഫിഷറീസ്, ആരോഗ്യം എന്നീ വകുപ്പുകള്‍ മല്‍സ്യമാര്‍ക്കറ്റുകളില്‍ സംയുക്ത പരിശോധന നടത്തണമെന്നും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: