മൽസ്യം വാങ്ങുന്നവർ സൂക്ഷിക്കുക; ഇന്ന് ആയിക്കരയിൽ പിടികൂടി നശിപ്പിച്ചത് ഭക്ഷ്യ യോഗ്യമല്ലാത്ത 260 കിലോ മൽസ്യം
ഭക്ഷ്യസുരക്ഷാ വകുപ്പ് ‘ഓപ്പറേഷന് സാഗര്‍’ റാണിയുടെ ഭാഗമായി ഏപ്രില്‍ ആറിന് ആയിക്കര ഭാഗത്ത് നടത്തിയ പരിശോധനയില്‍ ഭക്ഷ്യ യോഗ്യമല്ലാത്ത രീതിയില്‍ കണ്ടെത്തിയ 260 കിലോഗ്രാം മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ആയിക്കര ബാന്റിന് സമീപം നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്നര്‍ ലോറിയില്‍ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 220 കിലോഗ്രാം വട്ട മുള്ളന്‍, 40 കിലോഗ്രാം കിളിമീന്‍, എന്നിവയാണ് ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തി നശിപ്പിച്ചത്. ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ പി കെ ഗൗരീഷിന്റെ നേത്യത്വത്തിലാണ് പരിശോധന നടത്തിയത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മോശമായ മത്സ്യം വ്യാപകമായി വിറ്റഴിക്കുന്നതായി എ ഡി എം നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഓപ്പറേഷന് സാഗര്‍ റാണിയുടെ ഭാഗമായി തളിപ്പറമ്പ് സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ യു വി ജിതിനിന്റെ നേത്യത്വത്തില്‍ ഇരിക്കൂര്‍ പ്രദേശത്ത് നടത്തിയ പരിശോധനയില്‍ 31 കിലോഗ്രാം ഫോര്‍മാലിന്‍ കലര്‍ന്ന മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.