സ്ഥിരം ലൈസൻസുള്ള വ്യാപാരികൾക്ക് മാഹിയിൽ പടക്കകടകൾ തുറന്നു പ്രവർത്തിപ്പിക്കാമെന്ന് കോടതി ഉത്തരവ്

മാഹി: ഏപ്രിൽ 18 ന് പുതുച്ചേരിയിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കർശന നിയന്ത്രണങ്ങളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. ഇക്കുറി സ്ഥിരം ലൈസൻസുള്ള വ്യാപാരികൾക്ക് മാത്രമാണ് കടകൾ തുറക്കാനാകുക.
ഏപ്രിൽ 18 ന് പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പടക്ക കടകൾ അടച്ചിടണമെന്നായിരുന്നു നേരത്തെ ലഭിച്ച നിർദ്ദേശം. കേരളത്തിലെ പ്രധാന ആഘോഷങ്ങളിലൊന്നായ വിഷുവിന് വ്യാപാരംഅനുവദിക്കണമെന്നാവശ്യവുമായി വ്യാപാരികൾ പുതുച്ചേരി കോടതിയെ സമീപിക്കുകയായിരുന്നു. കേരളത്തിന് തൊട്ടു കിടക്കുന്ന പ്രദേശമെന്നത് പരിഗണിച്ച് ഏപ്രിൽ 15 വരെ വ്യാപാരം നടത്താൻ പടക്ക വ്യാപാരികൾക്ക് ജില്ലാകോടതി ജഡ്ജ് ഡോ.ടി. അരുൺ അനുമതി നൽകി. എന്നാൽ താത്കാലിക പടക്ക കച്ചവടക്കാർക്ക് ഇക്കുറി വ്യാപാരം നടത്താൻ അനുമതിയില്ല. കർശന നിയന്ത്രണങ്ങളോടെയാണ് സ്ഥിര വ്യാപാരികൾക്ക് അനുമതി നൽകിയിരിക്കുന്നത്. സ്ഥാപനം മുഴുവനായും സി.സി ടി.വി നിരീക്ഷണത്തിലായിരിക്കണം, നിയമം തെറ്റിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് പടക്കം കടത്തരുത്, രാഷ്ട്രീയ പാർട്ടികൾക്കും പ്രവർത്തകർക്കും കൂടുതൽ പടക്കങ്ങൾ നൽകരുത്, ഷോപ്പുകൾ വഴി മാത്രമായിരിക്കണം കച്ചവടം തുടങ്ങിയ പല നിർദ്ദേശങ്ങളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. തഹസിൽദാർമാരും പൊലീസ് സർക്കിൾ ഇൻസ്പെക്ടർമാരും ഇതുസംബന്ധിച്ചുള്ള റിപ്പോർട്ട് ആഴ്ചതോറും സമർപ്പിക്കണമെന്നും ഉത്തരവിലുണ്ട്. നിയന്ത്രണങ്ങൾക്കിടയിലാണെങ്കിലും പടക്ക വ്യാപാരത്തിന് ലൈസൻസ് അനുവദിച്ചു കിട്ടിയതിനാൽ മാഹിയിലെ വ്യാപാരികളും ഏറെ സന്തോഷത്തിലാണ്. ഇലക്ഷൻ തിരക്കോടെ മാന്ദ്യത്തിലായ പടക്കവിപണിയിൽ വരും ദിവസങ്ങളിൽ തിരക്കേറുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: