മുഴക്കുന്ന് മാമ്പ്രത്ത് സ്ഫോടനം- തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്

ഇരിട്ടി : മുഴക്കുന്ന് മാമ്പ്രത്ത് തൊഴിലുറപ്പ് ജോലിക്കിടെ ഉണ്ടായ സ്ഫോടനത്തിൽ തൊഴിലിൽ ഏർപ്പെട്ട സ്ത്രീക്ക് പരിക്കേറ്റു. ഇരുകാലുകൾക്കും ഇടതു കൈക്കും സാരമായി പരിക്കേറ്റ ഊർപ്പാൽ സ്വദേശിനി കൊല്ലംമാട്ടേൽ ഓമനാ ദയാനന്ദ ( 34 )നെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 11.30 തോടെ ആയിരുന്നു സ്ഫോടനം. പത്തൊൻപതോളം സ്ത്രീകൾ തൊഴിലുറപ്പ് പദ്ധതിപ്രകാരം മാമ്പ്രത്ത് റോഡരികിലെ ഓടകൾ വൃത്തിയാക്കുന്നതിനിടെ ആയിരുന്നു ഉഗ്ര സ്ഫോടനം നടന്നത്. തൊഴിലിനിടെ ഓമനയുടെ പണിയായുധം ചിരട്ടപോലുള്ള ഒരു വസ്തുവിൽ തട്ടിയയുടനെ പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് പരിക്കേറ്റ ഓമന പറഞ്ഞു. മുഴക്കുന്ന് പോലീസും ഡോഗ് സ്‌ക്വഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല. ഐസ്ക്രീം ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: