ഡല്‍ഹി കലാപം: ഏഷ്യാനെറ്റിനും മീഡിയാ വണ്ണിനും പ്രക്ഷേപണ വിലക്ക്

ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്ത മലായാള വാര്‍ത്താ ചാനലുകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാറിന്റെ പ്രതികാര നടപടി. പ്രമുഖ മലയാളം വാര്‍ത്ത ചാനലുകളായ ഏഷ്യനെറ്റ് ന്യൂസിന്റെയും മീഡിയ വണ്ണിന്റെയും സംപ്രേഷണം 48 മണിക്കൂര്‍ നിരോധിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.ഡല്‍ഹി സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ മന്ത്രാലയം ഇരു ചാനലുകള്‍ക്കും പൊടുന്നനെ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ന് രാത്രി 7.30 മുതലാണ് ഇരു ചാനലുകളുടെയും സംപ്രേഷണം മുടങ്ങിയത്. കലാപത്തില്‍ കേന്ദ്രസര്‍ക്കാരും പൊലീസും കാണിക്കുന്ന അലസ മനോഭാവവും, സംഘപരിവാര്‍ ബന്ധവുമെല്ലാം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്. ഈ ചാനലുകള്‍ അപ്ലിങ്ക് ചെയ്യുന്ന സ്വകാര്യ ഏജന്‍സികളോടാണ് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്താനായി ആവശ്യപ്പെട്ടത്. രണ്ട് ചാനലുകള്‍ക്കും ഈ വിഷയത്തില്‍ നേരത്തെ തന്നെ സര്‍ക്കാരിന്റെ നോട്ടീസ് ലഭിച്ചിരുന്നെന്നും അതിന് രണ്ടുകൂട്ടരും മറുപടി നല്‍കിയിരുന്നെന്നും വിവരമുണ്ട്. ഈ നോട്ടീസ് തള്ളിക്കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നിരോധനം നടപ്പാക്കാന്‍ പോകുകയാണെന്ന് രണ്ട് ചാനലുകളെയും ഇന്ന് വൈകീട്ട് അറിയിച്ചിരുന്നു.വാര്‍ത്താ മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തിലേക്ക് സര്‍ക്കാര്‍ ഇടപ്പെടുന്നതില്‍ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: