മാലിന്യ നിർമാർജനം: വിജയ മാതൃകകളുമായി തദ്ദേശ സ്ഥാപനങ്ങൾ

തങ്ങൾ നടപ്പിലാക്കിയ മാലിന്യ സംസ്‌കരണ വിജയ മാതൃകകൾ പുതുമയോടെ അവതരിപ്പിക്കുമ്പോൾ തദ്ദേശ സ്ഥാപന അധികൃതർ നിറഞ്ഞ ചാരിതാർഥ്യത്തിലായിരുന്നു. ഹരിതകേരള മിഷൻ, ശുചിത്വമിഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ശുചിത്വ മികവ് അവതരണ വേദിയിലായിരുന്നു നാട് നേരിടുന്ന വെല്ലുവിളിയായ ജൈവ – അജൈവ മാലിന്യങ്ങളുടെ നിർമാർജനം ഫലപ്രദമായി നടപ്പാക്കിയ പഞ്ചായത്തുകളുടെ പദ്ധതി അവതരണം. ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിൽ അവതരിപ്പിച്ച് തെരഞ്ഞെടുക്കപ്പെട്ട 24 ഗ്രാമപഞ്ചായത്തുകളും മൂന്ന് നഗരസഭകളുമാണ് ജില്ലാ തലത്തിൽ മാതൃകകൾ അവതരിപ്പിച്ചത്. ബോട്ടിൽ ബൂത്തുകൾ, സൗഹൃദ വീഥികൾ, പൈപ് കമ്പോസ്റ്റുകൾ, മാലിന്യ സംസ്‌കരണ പ്ലാന്റുകൾ, പുനരുൽപാദന യൂനിറ്റുകൾ തുടങ്ങി വ്യത്യസ്തമായ പദ്ധതികൾ തദ്ദേശ സ്ഥാപനങ്ങൾ ശുചിത്വ മികവ് വേദിയിൽ അവതരിപ്പിച്ചു.

ഹരിത പ്രോട്ടോക്കോൾ ലംഘനം കണ്ടുപിടിച്ച് നടപടി സ്വീകരിക്കുന്നതിനായി പഞ്ചായത്ത്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥതരടങ്ങുന്ന സ്‌ക്വാഡ് രൂപീകരിച്ച് കോളയാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ വിജിലൻസ് സ്‌ക്വാഡ് പദ്ധതി, തളിപ്പറമ്പ് നഗരസഭയുടെ മാലിന്യ സംസ്‌കരണത്തിനായുള്ള ‘നെല്ലിക്ക’ എന്ന മൊബൈൽ ആപ്ലിക്കേഷൻ തുടങ്ങിയ ഏറെ ശ്രദ്ധയാകർഷിച്ചു.

ഗൃഹ ശുചിത്വം, കമ്പോസ്റ്റിംഗ്, പൊതു സ്ഥലത്തെ ജൈവ മാലിന്യ സംസ്‌കരണം, ഹരിതകർമ്മസേന പ്രവർത്തനങ്ങൾ, എം സി എഫ് പ്രവർത്തനം തുടങ്ങി തദ്ദേശ സ്ഥാപനങ്ങൾ നടപ്പാക്കുന്ന 16 നൂതന പദ്ധതികൾ മാനദണ്ഡമാക്കിയാണ് മികച്ച മാതൃകകൾ തെരഞ്ഞെടുക്കുന്നത്. ജില്ലാ തലത്തിൽ തെരഞ്ഞെടുത്ത അഞ്ച് മാതൃകകൾ സംസ്ഥാന തലത്തിൽ അവതരിപ്പിക്കും.

ജില്ലാ ആസൂത്രണ സമിതി ഹാളിൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അംഗം കെ വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്ലാനിംഗ് ഓഫീസർ കെ പ്രകാശൻ അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ ഇ കെ സോമശേഖരൻ സംസാരിച്ചു. തദ്ദേശ സ്ഥാപന അധ്യക്ഷർ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷർ, തദ്ദേശ സ്ഥാപന സെക്രട്ടറിമാർ, വി ഇ ഒ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: