ഉദ്യോഗസ്ഥർ കൃത്യനിഷ്ഠയോടെ മറുപടി നൽകണം; വിവരാവകാശ കമ്മീഷണർ

ഓഫീസുകളിൽ ലഭിക്കുന്ന വിവരാവകാശ അപേക്ഷയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൃത്യനിഷ്ഠയോടെ തൃപ്തികരമായ മറുപടി നൽകണമെന്ന് വിവരാവകാശ കമ്മീഷണർ പി ആർ ശ്രീലത. കലക്ടറേറ്റ് കോൺഫൻസ് ഹാളിൽ നടന്ന വിവരാവകാശ കമ്മീഷൻ അദാലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവരാവകാശ അപേക്ഷയിൽ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന പരാതിയാണ് അദാലത്തിൽ കൂടുതലായി ലഭിച്ചത്. അപേക്ഷയ്ക്ക് മറുപടി ലഭിച്ചിട്ടില്ലെന്ന പരാതിയും അദാലത്തിൽ ലഭിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

അപേക്ഷകൾ ഓഫീസുകളിൽ മാറി എത്തുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അവ കൈമാറാൻ ഉദ്യോഗസ്ഥർ തയ്യാറാകാത്ത സാഹചര്യമുണ്ടെന്നും ഏത് ഓഫീസിലാണ് അപേക്ഷ നൽകേണ്ടത് എന്ന് പോലും പല ഓഫീസുകളിൽ നിന്നും വ്യക്തമാക്കുന്നില്ലെന്നും അവർ അറിയിച്ചു. 18 പരാതികളാണ് ഇന്ന് പരിഗണിച്ചത്. ഒരു കേസിൽ ബന്ധപ്പെട്ടവർ ഹാജരായില്ല. ഏഴ് കേസുകളിൽ ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ടു. അദാലത്ത് ഇന്നും (മാർച്ച് 7) തുടരും.

ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണവുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് നഗരസഭയ്ക്ക് നൽകിയ അപേക്ഷയിൽ ഒരു മാസം കഴിഞ്ഞിട്ടും മറുപടി ലഭിച്ചില്ലെന്ന പരാതിയിൽ 15 ദിവസത്തിനകം മറുപടി നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അർഹതയുണ്ടായിട്ടും ബി പി എൽ പട്ടികയിൽ ഉൾപ്പെടുത്താതിരിക്കുകയും അതുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയിൽ മറുപടി നൽകാതിരിക്കുകയും ചെയ്ത മുൻ താലൂക്ക് സപ്ലൈ ഓഫീസറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിവരാവകാശ കമ്മീഷണർ വ്യക്തമാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: