ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കർ അന്തരിച്ചു

മുംബൈ: ഇതിഹാസ ഗായിക ലതാ മങ്കേഷ്കർ അന്തരിച്ചു. 92 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ന്യൂമോണിയ ബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലാതോടെയാണ് അന്ത്യം. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ജനുവരി ആദ്യവാരമാണ് ലതാ മങ്കേഷ്കറെ കൊവിഡ് ബാധിച്ചതിനെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ മാറ്റം വന്നതോടെ ഐ.സി.യുവിൽ നിന്ന് മാറ്റി. എന്നാൽ വീണ്ടും ആരോഗ്യനില മോശമായെന്നും ഐ.സി.യുവിലേക്ക് നിരീക്ഷണത്തിനായി മാറ്റിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ആശുപത്രി വൃത്തങ്ങൾ അറിയിക്കുകയായിരുന്നു.

ലത മങ്കേഷ്കറിന്റെ വിയോഗത്തോടെ ഒരു യുഗത്തിനാണ് അന്ത്യമാകുന്നത്. സംഗീത ലോകത്ത് ലതയുടെ സമാനതകൾ ഇല്ലാത്ത യാത്ര ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. വരും തലമുറകൾക്കായി നിത്യ ഹരിത ഗാനങ്ങളുടെ വസന്ത കാലം സമ്മാനിച്ചാണ് വാനമ്പാടിയുടെ മടക്കം.

ഇൻഡോറിൽ നിന്ന് ഇന്ത്യയുടെ സംഗീത റാണിയിലേക്കുള്ള ലതയുടെ യാത്ര സമാനതകൾ ഇല്ലാത്തതായിരുന്നു.സംഗീതജ്ഞനായ അച്ഛൻ ദീനനാഥ് മങ്കേഷ്കരുടെ മരണത്തോടെ കുടുംബ ഭാരം ഏറ്റെടുക്കേണ്ടി വന്നു ആ പതിമൂന്നുകാരി. മുംബൈക്ക് വണ്ടി കയറുമ്പോൾ താഴെയുള്ള 4 സഹോദരങ്ങളുടെ വിശപ്പകറ്റണമെന്ന ചിന്ത മാത്രമായിരുന്നു ലതയുടെ ഉള്ളിൽ. യാത്രാകൂലി പോലും കയ്യിൽ ഇല്ലാതെ മഹാനഗരത്തിന്റെ തെരുവുകളിൽ കിലോമീറ്ററുകൾ ഒറ്റക്ക് നടന്ന കാലമുണ്ട് ലതയ്ക്ക്. നേർത്ത ശബ്ദമെന്ന് പരിഹസിച്ച് നിരവധി പേ‍ർ അവർക്ക് മുന്നിൽ വാതിലുകൾ കൊട്ടിയടച്ചു. ജീവിതത്തിലുടനീളം കാത്തു സൂക്ഷിച്ച കാർക്കശ്യത്തിന് പിന്നിൽ ലത താണ്ടിയ ഈ കഠിനവഴികൾ ആണെന്ന് പറയാറുണ്ട് അടുപ്പമുള്ളവർ .

അഭിനയിച്ചും പാടിയും വിശ്രമമില്ലാതെ ജോലി ചെയ്ത കൊച്ചു ലതയിലെ പ്രതിഭയെ തിരിച്ചറിഞ്ഞത് പ്രമുഖ സംഗീതജ്ഞൻ ഗുലാം ഹൈദറാണ്. 1948-ൽ മജ്ബൂറിലെ ഹിറ്റ് ഗാനം ലതയെ ഹൈദർ ഏൽപ്പിച്ചത് നിർമ്മാതാവുമായി ഏറെ കലഹിച്ച ശേഷമാണ്. ശേഷം കണ്ടത് ചിറകടിച്ചുയർന്ന ഇന്ത്യയുടെ വാനമ്പാടിയെയാണ്.

പിന്നണി ഗാനരംഗത്ത് നൂർജഹാനും സുരയ്യയും ഷംസാദ് ബീഗവും കൊടികുത്തിവാണിരുന്ന കാലത്താണ് ലതയുടെ വരവ്. അനുകരണങ്ങൾക്ക് പിന്നാലെ പോകാതെ, പരമ്പരാഗത രീതി വിട്ട് ആലാപനത്തിൽ സ്വന്തം ശൈലി രൂപപ്പെടുത്തിയ ലത സിനിമ ഗാനശാഖക്കാകെ പുത്തനുണർവേകി. പുതിയ പരീക്ഷണങ്ങൾ നടത്താനും പുത്തൻ പ്രവണതകൾ രൂപപ്പെടുത്തിയെടുക്കാനും സംഗീതസംവിധായകർക്ക് ലത പ്രചോദനമായി. ലതക്ക് മുൻപും ശേഷവും എന്ന് സിനിമ വിഭജിക്കപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: