സാധാരണക്കാരന്റെ കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം നല്‍കുക ലക്ഷ്യം: മുഖ്യമന്ത്രി

സമ്പന്നര്‍ക്ക് മാത്രമല്ല, സാധാരണക്കാരന്റെ കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ്  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ 111 പൊതുവിദ്യാലയങ്ങളുടെ നവീകരിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം  ഓണ്‍ലൈനായി നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരു പ്രതിസന്ധി വന്നാല്‍  അതിനനുസൃതമായ നിലപാടെടുക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാവുകയാണ്. കൊവിഡ് കാലത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം അത്തരത്തില്‍ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വിദ്യാഭ്യാസ കാലം കൊവിഡാനന്തര കാലം ആയിരിക്കുമെന്നാണ് പ്രതീക്ഷ. കൊവിഡാനന്തരം പുതിയ സ്‌കൂളിലേക്കായിരിക്കും കുട്ടികള്‍ വരികയെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ വികസനത്തില്‍ വലിയ പങ്കുവഹിക്കുന്ന കിഫ്ബി പോലുള്ള ഒരു ഏജന്‍സിയെ അപകീര്‍ത്തിപ്പെടുത്തുന്ന നടപടികള്‍ ഉണ്ടാകുന്നത് ശരിയല്ല. നാടിന്റെ വികസന കാര്യങ്ങള്‍ക്ക് ഉപയോഗിച്ചത് ഈ സാമ്പത്തിക സ്രോതസ് ആണ്. പൊതുവിദ്യാഭ്യാസയജ്ഞത്തിന്റെ ഭാഗമായി ആറു ലക്ഷത്തില്‍ പരം കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് തിരിച്ചു വന്നത് പദ്ധതിയുടെ വിജയമാണെന്നും  മുഖ്യമന്ത്രി പറഞ്ഞു.
ജില്ലയില്‍ പാനൂര്‍ ജി എല്‍ പി സ്‌കൂള്‍,  ജി യു പി എസ് ആയിപ്പുഴ, ജി എല്‍ പി എസ് കാരയാട്, ജി യു പി എസ് തലക്കാണി എന്നീ സ്‌കൂളുകള്‍ക്കാണ്  പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം നിര്‍മ്മിച്ചത്.
1.13കോടി രൂപ ചെലവഴിച്ചാണ് പാനൂര്‍ പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പാനൂര്‍ നഗര സഭയുടെ കീഴില്‍ വരുന്ന ഏക സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ ആണിത്. കമ്പ്യൂട്ടര്‍ലാബ്, ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍, സ്മാര്‍ട്ട് ക്ലാസ്സ് റൂം സൗകര്യങ്ങളും സ്‌കൂളില്‍ ഒരുക്കിയിട്ടുണ്ട്. പ്രീപ്രൈമറി മുതല്‍ നാലാം ക്ലാസ്സ് വരെ നൂറോളം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്.
ഒരു കോടി രൂപ വീതം ചെലവഴിച്ചാണ് ആയിപ്പുഴ ജി യു പി സ്‌കൂള്‍, തലക്കാണി യു പി സ്‌കൂള്‍ എന്നിവയ്ക്കായി കെട്ടിടം നിര്‍മ്മിച്ചത്. കാരയാട് എല്‍ പി സ്‌കൂളില്‍ 50 ലക്ഷം രൂപയുടെയും നവീകരണ പ്രവൃത്തികള്‍ നടത്തി.
നാലു സ്‌കൂളുകളിലായി നടന്ന പരിപാടിയില്‍  ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍, കായിക മന്ത്രി ഇ പി ജയരാജന്‍ എന്നിവര്‍ ഓണ്‍ലൈനായി പങ്കെടുത്തു. എം എല്‍ എ മാരായ സണ്ണി ജോസഫ്, ടി വി രാജേഷ്,  വിവിധ തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ വി പത്മനാഭന്‍, എസ് എസ് കെ ജില്ലാ  കോ ഓര്‍ഡിനേറ്റര്‍ ടി പി വേണുഗോപാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: