മുണ്ടേരിക്കടവ് ഇക്കോ ടൂറിസം; പദ്ധതി പ്രവൃത്തി ഉദ്ഘാടനം ഫെബ്രുവരി ഏഴിന്

മുണ്ടേരിക്കടവ്: പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം ദേശാടനക്കിളികളെ അടുത്തറിയാന്‍ അവസരവുമായി മുണ്ടേരിക്കടവ് ഇക്കോ ടൂറിസം പദ്ധതിയൊരുങ്ങുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി ഏഴ്( ഞായറാഴ്ച) വൈകിട്ട് 5.30ന് ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനാകും.
നിരവധി ദേശാടനക്കിളികള്‍ വിരുന്നെത്താറുള്ള പ്രദേശമാണ് മുണ്ടേരി ഗ്രാമപഞ്ചായത്തിലുള്‍പ്പെടുന്ന മുണ്ടേരിക്കടവ് തണ്ണീര്‍ത്തടം. വളപട്ടണം പുഴയുടെ തീരത്തുള്ള, കണ്ടല്‍ക്കാടുകളാലും വിവിധയിനം മത്സ്യങ്ങളാലും പക്ഷികളാലും സമ്പന്നമായ ഈ പ്രദേശം 2012ലാണ് പക്ഷി സങ്കേതമായി പ്രഖ്യാപിച്ചത്. 60 തോളം ദേശാടന പക്ഷികളെയും 210 ല്‍ പരം മറ്റ് പക്ഷികളെയും ഗവേഷകര്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. വലിയ പുള്ളിപരുന്ത്, തങ്കത്താറാവ് എന്നിവയെ ഇവിടെ ധാരാളമായി കണ്ടുവരുന്നുണ്ട്. പക്ഷികളുടെ ആവാസവ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ട് സഞ്ചാരികള്‍ക്ക് പക്ഷി നിരീക്ഷണത്തിനും ഗ്രാമഭംഗി ആസ്വദിക്കാനും പ്രദേശ വാസികള്‍ക്ക് ജീവനോപാധി കണ്ടെത്തുന്നതിനുമായി മുണ്ടേരി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രൂപം നല്‍കിയ പദ്ധതിയാണിത്. 73.5 ലക്ഷം രൂപ ചെലവിലാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 13 കിലോ മീറ്റര്‍ അകലെയാണ് മുണ്ടേരിക്കടവ് തണ്ണീര്‍ത്തടം. മുണ്ടേരിക്കടവ് പക്ഷി നിരീക്ഷണ കേന്ദ്രം സന്ദര്‍ശിക്കുന്നതിനായി വിവിധ ടൂര്‍ പാക്കേജുകള്‍ക്ക് രൂപകല്‍പന ചെയ്യുകയും ഗൈഡഡ് ടൂര്‍ പാക്കേജുകളുടെ ഭാഗമായി എത്തുന്ന സഞ്ചാരികള്‍ക്ക് വിവരങ്ങള്‍ നല്‍കുന്ന കേന്ദ്രവും കരകൗശല വസ്തുക്കള്‍, ഭക്ഷ്യ വസ്തുക്കള്‍ എന്നിവ വില്‍പ്പന നടത്തുന്ന കേന്ദ്രങ്ങള്‍ സജ്ജീകരിക്കാനും അതിനുള്ള പരിശീലനം നല്‍കാനും പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. പദ്ധതി ആവിഷ്‌കരിക്കുന്നതിനും നടപ്പാക്കുന്നതിനുമായി വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള തെന്മല ഇക്കോ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയുടെ റിസര്‍ച്ച് ആന്റ് കണ്‍സള്‍ട്ടന്‍സി വിഭാഗമായ ഹരിതത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: