കണ്ണൂരിൽ ഇനി അഴിമതിരഹിത, ജനസൗഹൃദ, കാര്യക്ഷമതാ പഞ്ചായത്തുകൾ: ജില്ലാതല പ്രഖ്യാപനം എട്ടിന്

ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളെയും അഴിമതി രഹിത, ജനസൗഹൃദ, കാര്യക്ഷമത പഞ്ചായത്തുകളാക്കിയതിന്റെ ജില്ലാതല പ്രഖ്യാപനവും സാക്ഷ്യപത്രം കൈമാറലും ഫെബ്രുവരി എട്ടിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ നിർവഹിക്കും. വൈകീട്ട് നാലിന് പോലീസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ജെയിംസ് മാത്യു എം എൽ എ അധ്യക്ഷത വഹിക്കും.

പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 71 പഞ്ചായത്തുകളെയും അഴിമതി രഹിത, ജനസൗഹൃദ, കാര്യക്ഷമത പഞ്ചായത്തുകളായി പഞ്ചായത്ത് തലങ്ങളിൽ പ്രഖ്യാപിച്ചിരുന്നു. ജനങ്ങൾക്ക് എത്രയും പെട്ടെന്ന് സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. എല്ലാ ഓഫീസിലും നോഡൽ ഓഫീസർമാരെയും നിയമിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് അസോസിയേഷനും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 

ഫ്രണ്ട് ഓഫീസ് സംവിധാനം ശക്തിപ്പെടുത്തുക എന്നതായിരുന്നു പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുകളിൽ ആദ്യമായി കൈകൊണ്ട നടപടി. ഇവിടെ ജനങ്ങൾക്കാവശ്യമായ സൗകര്യങ്ങളൊരുക്കുകയും പരാതിപ്പെട്ടി, സേവനങ്ങളെക്കുറിച്ചുള്ള ബോർഡുകൾ, ഹാജർ ബോർഡുകൾ എന്നിവ സ്ഥാപിക്കുകയും ചെയ്തു. പൗരാവകാശരേഖ മികച്ചതായി പുതുക്കുക, ഇ ഗവേണൻസ് സംവിധാനം ശക്തിപ്പെടുത്തുക, ഓഫീസുകളിൽ ഹരിത പെരുമാറ്റച്ചട്ടം നടപ്പിലാക്കുക തുടങ്ങിയ നടപടികളും പഞ്ചായത്തുകളിൽ നടപ്പാക്കി. തുടർന്ന് ഗ്രാമപഞ്ചായത്തുകളിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്തുകളെ അഴിമതി രഹിത, ജനസൗഹൃദ, കാര്യക്ഷമത പഞ്ചായത്തുകളായി പ്രഖ്യാപിക്കുകയുമായിരുന്നു. ഗ്രാമപഞ്ചായത്തുകളെ കുറിച്ച് വിലയിരുത്തൽ നടത്തുന്നതിന് പൊതുജനങ്ങൾക്കായി ഫീഡ്ബാക്ക് ഫോറവും ലഭ്യമാക്കിയിട്ടുണ്ട്. 

ഇതുമായി ബന്ധപ്പെട്ട് പി ആർ ഡി ചേമ്പറിൽ നടന്ന പത്രസമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ നാരായണൻ, ജില്ലാ പ്രസിഡന്റ് മൈഥിലി രമണൻ, സെക്രട്ടറി എം രാഘവൻ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എം പി ഷാനവാസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: