ആകാശവാണി കണ്ണൂർ നിലയത്തിനെതിരെ പ്രതിഷേധവുമായി കാഞ്ചീരവം കലാവേദി കണ്ണൂർ ജില്ലാ കമ്മിറ്റി രംഗത്ത്

കണ്ണൂർ: വർഷങ്ങളായി ആകാശവാണിയുടെ കേരളത്തിലെ എല്ലാ നിലയങ്ങളും അതീവ പ്രാധാന്യത്തോടെ പ്രക്ഷേപണം ചെയ്തുവരുന്ന പത്രവിശേഷത്തെ കണ്ണൂർ നിലയത്തിൽ നിന്ന് മാത്രം പടിയിറക്കിയതിൽ ശക്തമായ പ്രതിഷേധവുമായി കാഞ്ചീരവം കലാവേദി കണ്ണൂർ ജില്ലാ കമ്മിറ്റി രംഗത്ത്.യാതൊരു മുന്നറിയിപ്പുമില്ലാതെ പല പരിപാടികളും നിർത്തലാക്കി ശ്രോതാക്കളെ ആകാശവാണി ശ്രവണത്തിൽനിന്ന് അകറ്റുന്ന നിലപാട് ശരിയല്ലെന്ന് ശ്രോതാക്കളുടെ കൂട്ടായ്മയിൽ അഭിപ്രായമുയർന്നുകഴിഞ്ഞു.സ്വകാര്യ നിലയങ്ങൾക്ക് പോലും വൈകാതെ വാർത്തകൾ പ്രക്ഷേപണം ചെയ്യുന്നതിനുള്ള അനുമതി നൽകുന്നതിനെക്കുറിച്ച് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ആലോചിക്കുകയാണ്.ഇതോടെ റേഡിയോ പ്രക്ഷേപണരംഗത്ത് മത്സരങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഒരിടവേളയ്ക്കുശേഷം കൂടുതൽ ജനകീയതയോടെ റേഡിയോ തിരിച്ചുവരികയാണ്.ആകാശവാണി പോലെ ആധികാരികതയുള്ള വാർത്തകൾ മാത്രം പ്രക്ഷേപണം ചെയ്യുന്ന ഒരു മാധ്യമസ്ഥാപനത്തിന് ശ്രോതാക്കൾക്കിടയിലുള്ള സ്വാധീനം കുറയില്ല.പക്ഷേ,ശ്രോതാക്കളുടെ മനംമടുപ്പിക്കുന്ന പരിഷ്കാരങ്ങൾ അംഗീകരിക്കുന്നതിന് പ്രയാസമുണ്ട്.വൈകീട്ട് 5:15 ന് പ്രക്ഷേപണം ചെയ്തുവന്നിരുന്ന പത്രവിശേഷം നേരത്തെത്തന്നെ ഉപേക്ഷിച്ചിരുന്നു.ഇത് നിർത്തലാക്കിയത് മുതൽത്തന്നെ ശ്രോതാക്കൾ പ്രതിഷേധത്തിലായിരുന്നു.ആകാശവാണിയിൽ ശ്രോതാക്കളുടെ കത്തുകളുൾപ്പെടുത്തിക്കൊണ്ടുള്ള പരിപാടിയിലേക്ക് ശ്രോതാക്കൾ പലരും ഇക്കാര്യത്തെക്കുറിച്ച് എഴുതി ചോദിച്ചിട്ടുണ്ടത്രെ.ഇത്തരം നിലപാടുകൾ പുനഃപരിശോധിക്കണമെന്നാണ് കലാവേദി അഭിപ്രായപ്പെടുന്നത്.
കാഞ്ചീരവം കലാവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ആകാശവാണി ശ്രോതാക്കളുടെ സംഗമം നിലയത്തിന്റെ ഫ്രീക്വൻസിയായ 101.5 MHz നെ ഓർമ്മപ്പെടുത്തുംവിധം പകൽ 10:15 ന് രമാ ജി. നമ്പ്യാരുടെ വന്ദേമാതരം ആലാപനത്തോടെയാണ് ആരംഭിച്ചത്.
കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനവും കലണ്ടർ പ്രകാശനവും ആകാശവാണി അവതാരകയും നിലയത്തിലെ ശബ്ദസാന്നിദ്ധ്യവുമായ ഡോ: ടി.വി ജയലക്ഷ്മി നിർവ്വഹിച്ചു.മുതിർന്ന അംഗം പി.വി വല്ലീദേവി ടീച്ചർ കലണ്ടർ ഏറ്റുവാങ്ങി.കലാവേദി ജില്ലാ പ്രസിഡണ്ട് സി.വി ദയാനന്ദന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജില്ലാ സെക്രട്ടറി പയ്യന്നൂർ വിനീത് കുമാർ,ആകാശവാണി സീനിയർ അനൗൺസർ കാഞ്ചിയോട് ജയൻ,ആകാശവാണി അവതാരക രമ്യ രാജേഷ്,ഗണേഷ് വെള്ളിക്കീൽ എന്നിവർ സംസാരിച്ചു.മുതിർന്ന ഡ്രാമ വോയ്സ് ആർടിസ്റ്റും കാഞ്ചീരവം വൈസ് പ്രസിഡണ്ടുമായ കെ. വല്ലി ടീച്ചർ ശ്രോതാക്കൾക്ക് പുതുവത്സര സന്ദേശം നൽകി.ഈ മാസം 19 ന് തിരുവനന്തപുരം പൂജപ്പുര ശ്രീചിത്തിര തിരുനാൾ ഓഡിറ്റോറിയത്തിൽ വച്ച് കാഞ്ചീരവം കലാവേദിയുടെ സംസ്ഥാന വാർഷികാഘോഷം നടക്കുന്നതിന് മുന്നോടിയായാണ് ജില്ലാ സമ്മേളനം നടന്നത്.

akshavani

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: