വിവാഹവേദികളെ ആഭാസ മുക്തമാക്കണം: ബഹുജന സമ്മേളനം

കണ്ണൂർ: സന്തോഷ സന്ദർഭങ്ങളായ വിവാഹസംഗമങ്ങൾ സങ്കട വേദികളാകാതിരിക്കാൻ വിവാഹ ചടങ്ങുകളെ ആഭാസ മുക്തമാക്കണമെന്നും ഇതിനായി മഹല്ലു നേതൃത്വങ്ങൾ ശക്തമായി ഇടപെടണമെന്നും കണ്ണൂരിൽ വിസ്ഡം യൂത്ത് സംഘടിപ്പിച്ച ബഹുജന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വരനെ ശവപ്പെട്ടിയിലേറ്റുക, വധൂ -വരൻമാരെ ജെസിബിയിൽ കയറ്റുക, വിവാഹ വീടുകളിൽ അക്രമം കാണിക്കുക, വരനെ എഴുന്നള്ളിക്കുന്നതിന്റെ പേരിൽ റോഡിൽ മാർഗ തടസം സൃഷ്ടിക്കുക തുടങ്ങിയ ചെയ്തികൾ മുഖേന വ്യക്തമായ പ്രവാചക നിന്ദയാണ് നടക്കുന്നത്. ‘വിവാഹം അനുഗ്രഹം, ആഭാസം ആപത്ത് ‘ എന്ന വിഷയത്തെ അധികരിച്ചാണ് സമ്മേളനം സംഘടിപ്പിച്ചത്. പുണ്യകർമമായി പ്രവാചകൻ പഠിപ്പിച്ച വിവാഹ കർമ്മത്തെ അവഹേളിക്കുന്ന വിവാഹ വേദികളെ പണ്ഡിതൻമാർ ബഹിഷ്കരിച്ചാൽ ദുഷ്പ്രവണതകൾ ഗണ്യമായി കുറയുമെന്ന് പ്രഭാഷകർ അഭിപ്രായപ്പെട്ടു. കണ്ണൂർ – അഞ്ചുകണ്ടിയിൽ വരെനെ ശവപ്പെട്ടിയിൽ കയറ്റുക വഴി പ്രവാചക ചര്യയെ പരിഹസിച്ചവർക്കെതിരേ മഹല്ലു കമ്മറ്റി എന്തു നടപടിയെടുത്തുവെന്ന് വിശദമാക്കണം. പവിത്രമായ വിവാഹ സംഗമങ്ങളുടെ നിറം കെടുത്തുന്ന ധൂർത്ത്, ആഭരണഭ്രമം,വിവാഹ റാഗിംഗ് തുടങ്ങിയ സാമൂഹ്യ തിന്മകൾക്കെതിരേ വിപുലമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.

വിവാഹം പ്രാർത്ഥനയുടെയും സന്തോഷം പങ്കിടലിന്റേയും അതിഥികളെ ആദരിക്കുന്നതിന്റെയും വേദിയാണെന്നും അതിനു പകരം അതിക്രമങ്ങളുടെ വേലിയേറ്റത്തിന് കളമൊരുക്കുന്ന ദുഷ്പ്രവണതകൾ അംഗീകരിക്കാനാവില്ലെന്ന് വിശ്വാസികൾ തുറന്നു പ്രഖ്യാപിക്കണം – ‘മുഹമ്മദ് നബി(സ): മാതൃക, അനുധാവനം’ എന്ന വിഷയത്തെ. അധികരിച്ച് ജനുവരി 27ന് കടവത്തൂരിൽ നടക്കുന്ന കണ്ണൂർ ജില്ലാ ഹദീസ് സെമിനാറിന്റെ ഭാഗമായാണ് വിസ്ഡം യൂത്ത് ബഹുജന സംഗമം സംഘടിപ്പിച്ചത്.

ബഹുജന സംഗമം വിസ്‌ഡം യൂത്ത് സംസ്ഥാന സെക്രട്ടറി അബ്ദുല്ലാ ഫാസിൽ ഉദ്ഘാടനം ചെയ്തു. സി പി സലീം വിഷയാവതരണം നടത്തി. മുജാഹിദ് ബാലുശേരി മുഖ്യ പ്രഭാഷണം നടത്തി. സംഘാടകസമിതി ചെയർമാൻ അബ്ദുൽ അസീസ് ചാല അധ്യക്ഷത വഹിച്ചു. വിസ്ഡം സ്റ്റുഡൻസ് ജില്ലാ ഭാരവാഹി അക്രം വളപട്ടണം സ്വാഗതവും മുസ്തഫ ചക്കരക്കൽ നന്ദിയും പറഞ്ഞു. കണ്ണൂർ കോർപറേഷൻ വെൽഫയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വെള്ളോറ രാജൻ, എം.എസ്.എഫ് ജില്ലാ ജന:സെക്രട്ടറി ഷജീർ ഇഖ്‌ബാൽ, ഇമേജ് ഡയറക്ടർ അഡ്വ:എസ് മമ്മു, എം.എസ്.എസ് സംസ്ഥാന കമ്മിറ്റി പ്രതിനിധി വി.മുനീർ എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: