പതിനേഴുകാരിയോട് മോശമായി പെരുമാറി, കണ്ണൂർ ശിശുക്ഷേമ സമിതി ചെയർമാനെതിരെ പോക്സോ കേസ്

കണ്ണൂര്‍: ജില്ലയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ ചെയര്‍മാനെതിരെ പോക്സോ കേസ്. ചൈല്‍ഡ് വെല്‍ഫെയറിലേക്ക് പരാതി നല്‍കാനെത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിനാണ് ചെയര്മാന് ഇ.ഡി ജോസഫിനെതിരെ കേസെടുത്തിരിക്കുന്നത്.
പരാതിക്കാരിയായ പെണ്‍കുട്ടി സംഭവത്തില്‍ മജിസ്ട്രേറ്റിന് മുന്പില് രഹസ്യമൊഴി നല്‍കിയിട്ടുണ്ട്.ഇക്കഴിഞ്ഞ ഒക്ടോബർ 21നാണ് പരാതിക്കിടയായ സംഭവം. മറ്റൊരു പീഡന കേസിലെ ഇര ആയ കുട്ടിയെ തലശ്ശേരി പോക്സോ കോടതിയുടെ നിർദ്ദേശ പ്രകാരം ആണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻപാകെ കൗൺസിലിംഗിന് അയച്ചത്. എരഞ്ഞോളി യിൽ ഉള്ള സിഡബ്ലൂസിയുടെ ഓഫീസിൽ വെച്ച് ചെയർമാൻ ഇ.ഡി ജോസഫ് ആണ് പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയത്. ഇതിനിടെ ചെയർമാൻ അപമര്യാദയായി പെരുമാറി എന്നാണ് പരാതി.
ആദ്യ കേസിൽ മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകുന്നതിനിടെ ആണ് സിഡബ്ളയുസി ചെയർമാന്റെ ഭാഗത്തു നിന്നുണ്ടായ മോശമായ ഇടപെടലിനെ കുറിച്ച് പെൺകുട്ടി മജിസ്ട്രേറ്റിനോട് വെളിപ്പെടുത്തിയത്. തുടർന്ന് കോടതിയുടെ നിർദേശ പ്രകാരം തലശ്ശേരി സ്റ്റേഷനിലെ വനിത പോലീസ് ഇൻസ്പെക്ടർ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പിന്നാലെ ആണ് ഇ.ഡി ജോസഫിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
അതേസമയം ആരോപണം നിഷേധിച്ച് ചെയര്മാന് ഇ.ഡി ജോസഫ് രംഗത്തെത്തി. കുട്ടിയോട് കേസുമായി ബന്ധപ്പെട്ട വിഷയം മാത്രമാണ് സംസാരിച്ചതെന്നും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വനിതാ കൗണ്‍സിലറുടെ കൂടെയിരുന്നാണ് കുട്ടിയോട് സംസാരിച്ചതെന്നും ജോസഫ് പറയുന്നു.ലൈംഗികച്ചുവയോടെ യാതൊന്നും ചോദിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.