കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ബസ് ഷട്ടിൽ സർവീസ്

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി വിമാനത്താവള ടെർമിനലിൽ നിന്ന് മെയിൻ റോഡിലേക്ക് ബസ് ഷട്ടിൽ സർവീസ് തുടങ്ങുന്നു. യാത്രക്കാർക്കും ജീവനക്കാർക്കും വിമാനത്താവള സന്ദർശകർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. ടെർമിനലിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരമുണ്ട് മെയിൻ ഗേറ്റിലേക്ക്. കിയാലിന്റെ നിർദ്ദേശപ്രകാരം കാലിക്കറ്റ് ടൂർസ് ആൻഡ് ട്രാവൽസ് ആണ് സർവീസ് തുടങ്ങുന്നത്. 10 രൂപയാണ് ടിക്കറ്റ് നിരക്ക്. വിമാനത്താവള ജീവനക്കാർക്ക് പ്രതിമാസം 250 രൂപയുടെ ടിക്കറ്റ് എടുക്കാം. പുലർച്ചെ അഞ്ചു മുതൽ രാത്രി 11 വരെ സർവീസ് ഉണ്ടാവും. ബസ് ഷട്ടിൽ സർവീസ് ഉദ്ഘാടനം ഡിസംബർ 9 ന് രാവിലെ 11 മണിക്ക് സിനിമാനടൻ നിവിൻപോളി നിർവഹിക്കും.