കൊഴിഞ്ഞുപോക്ക് തടയാൻ ആറളം ഗവ. ട്രൈബൽ ഹൈസ്‌കൂളിൽ ഊരുണർത്തൽ

ജില്ലയിലെ ആറളം ട്രൈബൽ റീഹാബിലിറ്റേഷൻ ആൻഡ് ഡവലപ്‌മെൻറ് മിഷന്റെ ഭാഗമായ

ആറളം ഗവ. ട്രൈബൽ ഹൈസ്‌കൂളിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ഡിസംബർ ഏഴിന് രാവിലെ പത്തു മുതൽ ‘ഊരുണർത്തൽ’ എന്ന പേരിൽ കുട്ടികളും രക്ഷിതാക്കളുമായി ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. സ്‌കൂളിൽനിന്നുള്ള കൊഴിഞ്ഞുപോക്ക് തടഞ്ഞ് കുട്ടികളെ ക്ലാസിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനും ഊരിനെ നവലോകവുമായി ബന്ധപ്പെടുത്തുന്നതിനുമുള്ള മാർഗങ്ങൾ തേടിയാണ് ഊരുണർത്തൽ നടത്തുന്നത്.
മേഖലയിലെ പ്രധാന ആദിവാസി വിഭാഗമായ പണിയർ വിഭാഗത്തിലെ കുട്ടികളാണ് സ്‌കൂളിൽ അധികവും. 517 കുട്ടികളിൽ ഇരുനൂറിലധികം പേർ പതിവായി ക്ലാസിലെത്താതെ കൊഴിഞ്ഞുപോയതായാണ് വിവരം. ആദിവാസികളിൽ മിക്കവരും ആറളം ഫാമിലെ ജോലിക്കാരാണ്. ചിലർ വനവിഭവങ്ങൾ ശേഖരിച്ച് ജീവിക്കുന്നു. കുട്ടികളുടെ പഠനകാര്യത്തിൽ ഇവർ കാര്യമായ ശ്രദ്ധ ചെലുത്തുന്നില്ലെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തിൽ ഇടപെടുന്നതെന്ന് ബാലാവകാശ കമീഷൻ അറിയിച്ചു.
ഉച്ച 1.30ന് ഹൈസ്‌കൂൾ വിദ്യാർഥികൾക്കായുള്ള സംവാദം കമീഷൻ ചെയർമാൻ പി. സുരേഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ജില്ലാ കലക്ടർ മീർ മുഹമ്മദ് അലി എന്നിവർ മുഖ്യാതിഥികളാവും. പാനൽ ചർച്ച കമീഷൻ അംഗങ്ങളായ എൻ. ശ്രീല മേനോൻ, ഡോ. എം.പി ആൻറണി എന്നിവർ നയിക്കും.
ഊരുണർത്തലിന്റെ ഭാഗമായി കമീഷൻ ചെയർമാനും അംഗങ്ങളും ഊരുസന്ദർശനം നടത്തും. കുട്ടികളുമായുള്ള സംവാദത്തിന് പുറമെ രക്ഷാകർത്താക്കളും ജനപ്രതിനിധികളും മാധ്യമപ്രവർത്തകരും മേഖലയിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുമായി കമീഷൻ ചർച്ചകൾ സംഘടിപ്പിക്കും. ഹ്രസ്വചിത്ര പ്രദർശനം, മാജിക് ഷോ, നാടൻപാട്ട്, നാടകം, കുട്ടികളുടെ കലാപരിപാടികൾ എന്നിവയും നടത്തും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: