പി കെ ശ്രീമതി ടീച്ചർ എം പി ഫണ്ട്: 83.04 ശതമാനം പുരോഗതി; 16 കോടിയുടെ പ്രവൃത്തികൾ പൂർത്തീകരിച്ചു

പി കെ ശ്രീമതി ടീച്ചർ എം.പിയുടെ പ്രാദേശിക വികസന നിധിയിൽനിന്ന് ഇതുവരെ പൂർത്തീകരിച്ചത് 16.061 കോടി രൂപയുടെ പ്രവൃത്തികൾ.

19.34 കോടി രൂപയുടെ പ്രവൃത്തികളാണ് ഇതുവരെ അനുവദിച്ചത്. 83.04 ശതമാനമാണ് പ്രവർത്തന പുരോഗതി. എം.പിയുടെ സാന്നിധ്യത്തിൽ കണ്ണൂർ കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന എം പി ഫണ്ട് അവലോകനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ജില്ലാ കലക്ടർ മീർ മുഹമ്മദലി അധ്യക്ഷത വഹിച്ചു.
2014-15 വർഷം 455 ലക്ഷം രൂപ ചെലവിൽ മുഴുവൻ പ്രവൃത്തികളും 2015-16 വർഷം 424 ലക്ഷം രൂപ ചെലവിൽ 120 പ്രവൃത്തികളും പൂർത്തീകരിച്ചു. 2015-16 വർഷം പൂർത്തിയാക്കാൻ ബാക്കിയുള്ള കോളിക്കടവ് എസ് സി കോളനി ചട്ടിക്കരി പാലത്തിന്റെ പ്രവൃത്തി ഡിസംബർ 31നകം പൂർത്തിയാകും. 82 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിർമ്മിക്കുന്നത്.
2016-17 വർഷത്തെ 146 പ്രവൃത്തികൾ 444 ലക്ഷം രൂപ ചെലവിൽ പൂർത്തീകരിച്ചിട്ടുണ്ട്. പൂർത്തിയാക്കാൻ ബാക്കിയുള്ള 15 പ്രവൃത്തികൾ ഡിസംബർ 31 നകം പൂർത്തീകരിക്കണമെന്ന് എം പി നിർവഹണ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. 2017-18 വർഷം 281 ലക്ഷം രൂപയുടെ 157 പ്രവൃത്തികൾ പൂർത്തീകരിക്കുകയും 2018-19 വർഷം ഒരു കോടി രൂപയുടെ 20 പ്രവൃത്തികൾക്ക് അംഗീകാരം നൽകുകയും ചെയ്തു.
കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ വൈദ്യുതീകരണ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് കൂടി തയ്യാറാക്കി സമർപ്പിക്കണമെന്ന് എം.പി പറഞ്ഞു. എല്ലാ കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമാക്കണം. 49.7 ലക്ഷം രൂപ ചെലവിൽ 58 സ്‌കൂളുകൾക്ക് സ്മാർട്ട് ക്ലാസ് റും ഉപകരണങ്ങൾ നൽകിയ പദ്ധതിയുടെ ബിൽ എത്രയും പെട്ടെന്ന് സമർപ്പിക്കണമെന്ന് കെൽട്രോൺ അധികൃതർക്ക് നിർദേശം നൽകി.
റെയിൽവേ സ്റ്റേഷനിൽ സി സി ടി വി ക്യാമറകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് എത്രയും പെട്ടെന്ന് ഭരണാനുമതി നൽകണമെന്ന് എം.പി ആവശ്യപ്പെട്ടു. 99,600 രൂപ ചെലവഴിച്ചാണ് സ്റ്റേഷന്റെ എട്ട് കേന്ദ്രങ്ങളിൽ സി സി ടി വികൾ സ്ഥാപിക്കുന്നത്. ജില്ലാ ആശുപത്രിക്ക് 30 ലക്ഷം രൂപയുടെ ആംബുലൻസും തളിപ്പറമ്പ് താലൂക്ക് ആശുപത്രി, മയ്യിൽ സി എച്ച് സി, ചക്കരക്കൽ സി എച്ച് സി എന്നിവയ്ക്ക് 13 ലക്ഷം രൂപയുടെ ആംബുലൻസും വാങ്ങുന്ന പദ്ധതി എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് ഡി എം ഒയ്ക്ക് നിർദേശം നൽകി. ആന്തൂർ മുനിസിപ്പാലിറ്റിയിലെ സ്നേഹതീരം ബഡ്സ് സ്‌കൂളിന് ബസ് വാങ്ങുന്ന പദ്ധതി വേഗത്തിൽ പൂർത്തീകരിക്കണമെന്നും 26 എസ് സി കോളനികളിൽ മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ എസ്റ്റിമേറ്റ് ഒരാഴ്ചയ്ക്കകം സമർപ്പിക്കണമെന്നും നിർദേശിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ കെ പ്രകശൻ, ഫിനാൻസ് ഓഫീസർ കെ പി മനോജൻ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: