കുഷ്ഠരോഗ നിർണയ പ്രചരണ പരിപാടി  അശ്വമേധത്തിന് ജില്ലയിൽ തുടക്കമായി

ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലുള്ള കുഷ്ഠരോഗ നിർണയ പ്രചരണ പരിപാടി ‘അശ്വമേധ’ത്തിന്റെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് പരിസരത്ത് പി കെ ശ്രീമതി ടീച്ചർ എം പി നിർവ്വഹിച്ചു. ഒരുകാലത്ത് ജനങ്ങൾ ഏറെ ഭയപ്പെട്ടിരുന്ന കുഷ്ഠരോഗത്തെ ഇന്നാരും ഭയപ്പെടേണ്ടതില്ലെന്നും മെച്ചപ്പെട്ട ചികിത്സ ലഭ്യമാണെന്നും എം പി പറഞ്ഞു. കണ്ണൂർ ജില്ലയിൽ നിലവിൽ 64 കുഷ്ഠ രോഗ ബാധിതർ ഉണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഈ എണ്ണം ഒരിക്കലും വർധിക്കാതിരിക്കാനുള്ള മുൻകരുതലെടുക്കണം. കുഷ്ഠരോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ ചികിത്സ ആരംഭിച്ചാൽ വൈകല്യങ്ങൾ ഒഴിവാക്കാനാകും. ഡിസംബർ അഞ്ച് മുതൽ 18 വരെയാണ് അശ്വമേധം കാമ്പയിൽ.

പ്രചരണത്തിന്റെ ഭാഗമായി പയ്യാമ്പലത്തെ ലക്കി എന്ന കുതിരയെ ഉപയോഗിച്ച് നടത്തുന്ന അശ്വമേധം യാത്ര എം പി ഫ്ളാഗ് ഓഫ് ചെയ്തു. കുഷ്ഠരോഗ നിർണ്ണയ പ്രചരണ പരിപാടിയെക്കുറിച്ച് ജില്ലാ മെഡിക്കൽ ഓഫീസിലെ മാസ് മീഡിയാ വിഭാഗവും ജില്ലാ ലെപ്രസി സെല്ലും തയ്യാറാക്കിയ വീഡിയോ സിഡി യുടെ പ്രകാശനവും മട്ടന്നൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബാബുരാജ് അയ്യല്ലൂർ രചനയും സംവിധാനവും നിർവ്വഹിച്ച ഹ്രസ്വചിത്രത്തിന്റെ സി ഡി പ്രകാശനവും എം. പി. നിർവ്വഹിച്ചു.

സമൂഹത്തിൽ കണ്ടുപിടിക്കപ്പെടാത്ത കുഷ്ഠരോഗ ബാധിതരെ കണ്ടുപിടിച്ച് ചികിത്സയ്ക്ക് വിധേയമാക്കി കുഷ്ഠരോഗം നിർമ്മാർജ്ജനം ചെയ്യുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം. ഇതിനായി പ്രത്യേക പരിശീലനം ലഭിച്ച ആശാവർക്കർമാരും സന്നദ്ധപ്രവർത്തകരും ജില്ലയിലെ വീടുകൾ സന്ദർശിച്ച് രോഗത്തിനെതിരെ ബോധവൽക്കരണവും രോഗനിർണയവും നടത്തും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷനായി. കണ്ണൂർ കോർപ്പറേഷൻ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വ. ഇന്ദിര പ്രേമാനന്ദ്, വാർഡ് കൗൺസിലർ അഡ്വ. ലിഷ ദീപക്, ജില്ലാ മെഡിക്കൽ ഓഫീസർ (ഐ എസ് എം) എസ് ആർ ബിന്ദു, ജില്ലാ ലേബർ ഓഫീസർ ടി വി സുരേന്ദ്രൻ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ കെ രാജീവൻ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എം ശ്രീകണ്ഠൻ, അസി.ലെപ്രസി ഓഫീസർ വി സുധീർ, ജില്ലാ എജുക്കേഷൻ ആൻഡ് മാസ് മീഡിയ ഓഫീസർ കെ.എൻ. അജയ് എന്നിവർ പങ്കെടുത്തു. ജില്ലാ ലെപ്രസി ഓഫീസർ ഡോ. കെ ടി രേഖ സ്വാഗതവും ഡെപ്യൂട്ടി ജില്ലാ എഡുക്കേഷൻ ആന്റ് മാസ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: