സതീശന്‍ പാച്ചേനിക്കുണ്ടായിരുന്നത് അചഞ്ചലമായ പാര്‍ട്ടിക്കൂറ്: കെ.സി.വേണുഗോപാല്‍

0

കണ്ണൂര്‍: ഏറ്റെടുത്ത ചുമതലകള്‍ ആത്മാര്‍ത്ഥതയോടും സത്യസന്ധവുമായി നിറവേറ്റാന്‍ എന്ത് ത്യാഗത്തിനും തയ്യാറായ നേതാവാണ് സതീശന്‍ പാച്ചേനിയെന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ അനുസ്മരണ സമ്മേളനം ഡിസിസി ഓഫീസിലെ എന്‍ രാമകൃഷ്ണന്‍ സ്മാരക ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സതീശന്‍ പാര്‍ട്ടിയോടു കാണിച്ച കൂറും അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യവും പാര്‍ട്ടിക്ക് ഒരിക്കലും മറക്കാനാകില്ല. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്തേക്ക് കടന്നുവന്ന സതീശന്‍ കയറിയ ഓരോ പടവുകളും കഷ്ടതകളുടെയും യാതനകളുടെയുമാണ്. അദ്ദേഹത്തിന്റെ വിയോഗം മൂലം പാര്‍ട്ടിക്കുണ്ടായ നഷ്ടം വിവരണാതീതമാണ്. സതീശനെ പോലെ വളരെ കൃത്യനിഷ്ഠയോട് കൂടി ജീവിതം മുന്നോട്ടു കൊണ്ടു പോയ ഒരാള്‍ക്ക് ഇത് സംഭവിച്ചത് ഏറെ വേദനാജനകമാണ്. നിഷ്‌ക്കളങ്കവും സുതാര്യവുമായ പ്രവര്‍ത്തനമാണ് അദ്ദേഹത്തിന്റേത് ഒരു വലിയ നേതാവില്‍ കാണുന്ന മികവാണ് ചെറുപ്പക്കാരനായ സതീശന്റെ പ്രവര്‍ത്തനമെന്നും കെ സി പറഞ്ഞു.
ചടങ്ങില്‍ ഡി സി സി പ്രസിഡന്റ് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു.മുൻ മന്ത്രി കെ.സി ജോസഫ് കെ പി സി സി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍, സണ്ണി ജോസഫ് എം എൽ.എ ,മേയർ അഡ്വ. ടി ഒ മോഹനൻ, മുൻ എംഎൽഎമാരായ കെ പി കുഞ്ഞിക്കണ്ണന്‍, പ്രൊഫ എ ഡി മുസ്തഫ, വി എ നാരായണൻ, സജീവ് മാറോളി, പി ടി മാത്യു, ചന്ദ്രൻ തില്ലങ്കേരി, കെ.പ്രമോദ് , കെ സി മുഹമ്മദ് ഫൈസല്‍,ഷമാ മുഹമ്മദ്, മുഹമ്മദ് ബ്ലാത്തൂർ, എന്‍ പി ശ്രീധരന്‍, എം പി ഉണ്ണികൃഷ്ണൻ, ടി ജയകൃഷ്ണൻ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: