കുന്നത്തൂര്‍പാടി വനത്തിലെ മൃതദേഹം ഒരു പുരുഷന്റേതോ ? സ്ത്രീ വേഷം കെട്ടിനടന്ന അടൂർ സ്വദേശിയുടേതെന്ന് സംശയം

ശ്രീകണ്ഠപുരം: കുന്നത്തൂര്‍പാടി വനത്തില്‍ കാണപ്പെട്ട മൃതദേഹം സ്ത്രീവേഷംകെട്ടിനടക്കാറുള്ള മലപ്പട്ടം അഡൂര്‍ സ്വദേശിയുടേതാണെന്ന് സൂചന. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ നടത്തിയ മൃതദേഹപരിശോധനയില്‍ മൃതദേഹം പുരുഷന്റേതാണെന്ന് തിരിച്ചറിഞ്ഞു. മൂന്നുമാസത്തോളം പഴക്കമുള്ള മൃതദേഹത്തിനുസമീപത്തുനിന്ന് വിഷക്കുപ്പി കണ്ടെത്തിയെങ്കിലും മരണകാരണം വ്യക്തമായിട്ടില്ല. ഇതേത്തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കയച്ചു.

ശനിയാഴ്ച ഉച്ചയോടെ വനത്തില്‍ വിറകുശേഖരിക്കാന്‍ പോയ പരിസരവാസികളാണ് സാരിയുടുത്തനിലയിലുള്ള മൃതദേഹം കണ്ടത്. തുടര്‍ന്ന് പയ്യാവൂര്‍ എസ്.ഐ. പി.സി.രമേശന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
രണ്ട് മൊബൈല്‍ ഫോണും ചീര്‍പ്പും കണ്ണാടിയും തോര്‍ത്തും ബാഗുമെല്ലാം മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു. മൊബൈല്‍ഫോണിലെ നമ്ബറുകളും ചിത്രങ്ങളുംമറ്റും പരിശോധിച്ചപ്പോള്‍ സ്ത്രീവേഷംകെട്ടിനടക്കുന്ന അഡൂര്‍ സ്വദേശിയുടേതായിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്.

ഇയാളുടെ ബന്ധുക്കള്‍ മൃതദേഹം പരിശോധിച്ചെങ്കിലും പൂര്‍ണമായും അഴുകിയതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഡി.എന്‍.എ. പരിശോധനയുംമറ്റും നടത്തിയാല്‍മാത്രമേ മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിക്കാന്‍കഴിയൂവെന്ന് പോലീസ് അറിയിച്ചു. നേരത്തേ സ്ത്രീവേഷംകെട്ടിനടന്നതിനെത്തുടര്‍ന്ന് ഇയാളെ നാട്ടുകാര്‍ പിടികൂടിയിരുന്നു. ഇതോടെ അഡൂരില്‍നിന്ന് ചുഴലിയിലേക്ക് താമസംമാറ്റി. പിന്നീട് വീടുമായി അധികം ബന്ധമില്ല.

സന്ധ്യയാകുന്നതോടെ സ്ത്രീവേഷം ധരിക്കുന്ന ഇയാള്‍ മിക്കരാത്രികളിലും ശ്മശാനങ്ങളിലാണ് ഉറങ്ങാറുള്ളതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. യക്ഷിയുടെ രൂപംവരുന്ന രീതിയില്‍ മേക്കപ്പ് നടത്തി അര്‍ധരാത്രിയില്‍ ആളൊഴിഞ്ഞ സ്ഥലങ്ങളിലൂടെ നടക്കാറുണ്ടെന്നും രാവിലെ മടങ്ങിയെത്തി ജോലിക്കുപോവാറുണ്ടെന്നും പറയുന്നു. ദ്വന്ദ്വവ്യക്തിത്വം എന്ന മനോവൈകൃതത്തിനടിമയാണിയാളെന്ന് നാട്ടുകാര്‍ പറയുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: