ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളായ മൂന്നുപേര്‍ പിടിയില്‍

കണ്ണൂര്‍: ചാലയും ചാലക്കുന്നും കേന്ദ്രീകരിച്ച് നാളുകളായി പ്രവര്‍ത്തിച്ചുവരുന്ന ലഹരി വില്‍പ്പന സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍. കഞ്ചാവും ലഹരി ഗുളികകളുമായി ശ്രീകണ്ഠപുരം സ്വദേശികളായ ഇസ്ഹാഖ് (28), സിറാജുദ്ദീന്‍ (28) വലിയന്നൂര്‍ സ്വദേശിയായ കെ. നിഖില്‍ (21) എന്നിവരെയാണ് ചാല ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപം എക്സൈസ് സംഘം പിടികൂടിയത്. ചാലക്കുന്നിലേക്ക് ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന് എക്സൈസ് നാര്‍ക്കോട്ടിക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സതീഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. എക്സൈസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെ കൂത്തുപറമ്പ് ഭാഗത്തുനിന്ന് വന്ന കാറും സ്‌കൂട്ടറും നിര്‍ത്താതെ പോയി. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പിന്തുടര്‍ന്ന് ചാലകോയ്യോട് ജംഗ്ഷനില്‍ പിടികൂടി. ഇതിനിടെയാണ് ബ്ലേഡ് ഉപയോഗിച്ച് എക്സൈസ് സംഘത്തെ മുറിവേല്‍പ്പിക്കാന്‍ ശ്രമിച്ച് രണ്ടുപേര്‍ കുതറിയോടിയത്.

ചാലയിലും പരിസര പ്രദേശങ്ങളിലും നാളുകളായി ലഹരി എത്തിക്കുന്ന സംഘമാണ് പിടിയിലായത്. ഓടി രക്ഷപ്പെട്ടവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ജില്ലയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തെക്കുറിച്ച് മുഴുവന്‍ വിവരങ്ങളും പിടിയിലായവരില്‍ നിന്ന് ലഭിച്ചതായി എക്സൈസ് പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് ചാലക്കുന്നിന്റെ ഉള്‍ഭാഗങ്ങളില്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം പരിശോധന നടത്തിയപ്പോള്‍ ലഹരി മരുന്ന് , കഞ്ചാവ് വില്‍പ്പന സംഘത്തിലെ കൂടുതല്‍ പേര്‍ ഓടിരക്ഷപ്പെട്ടിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: