തോൽവിക്ക് കാരണം മോശം ബാറ്റിംഗെന്ന് കോഹ്‌ലി


രാജ്‌കോട്ട്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്‍റി-20യില്‍ പിണഞ്ഞ പരാജയത്തിന് കാരണം ഇന്ത്യയുടെ മോശം ബാറ്റിംഗ് ആണെന്ന് ക്യാപ്റ്റൻ വിരാട് കോഹ്‌ലി. മത്സരത്തിൽ ന്യൂസിലൻഡ് ബാറ്റ്സ്മാൻമാർ അവരുടെ റോൾ ഭംഗിയായി നിർവഹിച്ചു. ഇന്ത്യൻ താരങ്ങൾക്ക് അതിനായില്ല. എല്ലായ്പ്പോഴും ഒരുപോലെ ആകാനാവില്ലല്ലോ എന്നും ഇന്ത്യൻ നായകൻ കൂട്ടിച്ചേർത്തു.

‘താനും ധോണിയുമടക്കമുള്ളവർ നന്നായി പരിശ്രമിച്ചു പക്ഷേ ഇന്നത്തെ ദിവസം ഭാഗ്യം അവർക്കൊപ്പം ആയിരുന്നു’- കോഹ്‌ലി പറഞ്ഞു.

രണ്ടാം മത്സരത്തിൽ 40 റണ്‍സിനാണ് നീലപ്പട തോല്‍വി ഏറ്റുവാങ്ങിയത്. കിവീസിന്‍റെ 197 എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനേ സാധിച്ചുള്ളു. 65 റണ്‍സെടുത്ത നായകന്‍ വിരാട് കോഹ്‌ലിയും 49 റണ്‍സെടുത്ത മഹേന്ദ്ര സിംഗ് ധോണിയും വിജയ പ്രതീക്ഷകള്‍ നല്‍കിയെങ്കിലും ഇരുവരുടെയും പുറത്താകല്‍ ഇന്ത്യയെ നിരാശയിൽ എത്തിക്കുകയായിരുന്നു.

ധോണിയെയും കോഹ്‌ലിയെ കൂടാതെ 23 റണ്‍സെടുത്ത ശ്രേയസ് അയ്യര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ചത്. കഴിഞ്ഞ കളിയിലെ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് ഈ മത്സരത്തിൽ ഫോമിലായില്ല. ശിഖർ ധവാനും (1) രോഹിത് ശർമ (5) ആദ്യം തന്നെ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. നാലു വിക്കറ്റ് നേടിയ ട്രെന്‍റ് ബോൾട്ടാണ് ഇന്ത്യയെ തോൽവിയിലേക്ക് നയിച്ചത്.

നേരത്തേ, കോളിന്‍ മണ്‍റോയുടെ സെഞ്ചുറി മികവിലാണ് ന്യൂസിലന്‍ഡ് 196 റൺസ് അടിച്ചെടുത്തത്. 58 പിന്തില്‍ നിന്ന് 109 റണ്‍സെടുത്ത മണ്‍റോ പുറത്താകാതെനിന്നു. ഏഴും സിക്‌സും ഏഴ് ഫോറുമടങ്ങിയതാണ് അദ്ദേഹത്തിന്‍റെ ഇന്നിംഗ്‌സ്. രാജ്യാന്തര ട്വന്‍റി-20യില്‍ ഒരു വര്‍ഷം രണ്ടു സെഞ്ചുറി നേടുന്ന ആദ്യത്തെ താരമാണ് കോളിന്‍ മണ്‍റോ. മൂന്നു മത്സരങ്ങളുടെ ട്വന്‍റി-20 പരന്പരയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമെത്തി. ആദ്യ ട്വന്‍റി-20യിൽ ഇന്ത്യ ജയിച്ചിരുന്നു. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: