കാഴ്ചയുടെ അദ്ഭുതലോകം തുറക്കുമ്പോള്

നവംബര്‍ 11- ന് അബുദാബിയില്‍ ഉദ്ഘാടനത്തിനൊരുങ്ങുന്ന ലൂവ്ര് മ്യൂസിയം സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുക കാഴ്ചയുടെ അദ്ഭുതലോകമായിരിക്കും. ആദ്യഘട്ടത്തില്‍ത്തന്നെ നിര്‍മിതിയിലെ വൈവിധ്യംകൊണ്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് അബുദാബിയിലെ ലൂവ്ര് മ്യൂസിയം. അബുദാബി ദുബായ് റോഡില്‍ സാദിയാത് ദ്വീപില്‍ ഒരു പളുങ്ക് തളിക കമിഴ്ത്തിവെച്ചപോലുള്ള നിര്‍മിതി അതുവഴി യാത്രചെയ്യുന്നവരുടെയല്ലാം ശ്രദ്ധയാകര്‍ഷിച്ച കാഴ്ചയാണ്. മ്യൂസിയം സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കുന്നതോടെ ലോക വിനോദസഞ്ചാര ഭൂപടത്തില്‍ അബുദാബിയുടെ പേര് കൂടുതല്‍ തെളിമയോടെ ഉറപ്പിക്കപ്പെടുകയാണ്. 2007- ലാണ് പാരീസിലെ പ്രശസ്തമായ ലൂവ്ര് മ്യൂസിയം ലോക സൃഷ്ടികളുടെ പ്രദര്‍ശനം കൂടുതല്‍ രാജ്യങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ അബുദാബിയിലെ മ്യൂസിയമെന്ന പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് പത്ത് വര്‍ഷത്തോളം നീണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് അബുദാബിയിലെ ഏറ്റവും മനോഹരമായ ദ്വീപുകളിലൊന്നായ സാദിയാത്തില്‍ ലൂവ്ര് മ്യൂസിയം പ്രവര്‍ത്തനം കുറിക്കാനൊരുങ്ങുന്നത്. ‘മാനവികതയും അതിന്റെ ഒരുമയും’ എന്ന ആശയമാണ് മ്യൂസിയം സന്ദര്‍ശകരുമായി പങ്ക് വെക്കുക. മനുഷ്യകുലത്തിന്റെ ആരംഭം മുതല്‍ ഇന്ന് വരെയുള്ള കലാസൃഷ്ടികളുടെ പ്രദര്‍ശനമാണ് ലൂവ്ര് അബുദാബിയിലുണ്ടാവുക. 13-ഓളം ഫ്രഞ്ച് മ്യൂസിയങ്ങളില്‍നിന്നും അനുബന്ധ സ്ഥാപനങ്ങളില്‍നിന്നും ലോണ്‍ വ്യവസ്ഥയിലാണ് കലാസൃഷ്ടികള്‍ ലൂവ്ര് അബുദാബിയിലെത്തിച്ചിട്ടുള്ളത്. ഒരു ദിവസം മുഴുവന്‍ കണ്ടാലും തീരാത്ത മനസ്സ് നിറക്കുന്ന കാഴ്ചകളാണ് ഇവിടെ കലാപ്രേമികളെ കാത്തിരിക്കുന്നത്. അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ പ്രതിമയും ലിയാനാര്‍ഡോ ഡാവിഞ്ചി, മൈക്കലാഞ്ചലോ, വിന്‍സെന്റ് വാന്‍ഗോഗ് തുടങ്ങിയ പ്രതിഭകളുടെ ചിത്രങ്ങളുമടക്കം ക്രിസ്തുവിന് മുന്‍പും പിന്‍പുമുള്ള ലോകത്തെ അമ്പരപ്പിച്ച സൃഷ്ടികളുടെ തനി പകര്‍പ്പ് കാണാനുള്ള അവസരമാണ് ലൂവ്ര് അബുദാബി തുറന്നിടുന്നത്. ലോക ക്ലാസിക്കുകള്‍ നേരിട്ട് കാണാന്‍ ഫ്രാന്‍സിലും പാരീസിലും സന്ദര്‍ശനം നടത്താതെതന്നെ ആഗ്രഹമുള്ളവര്‍ക്ക് അബുദാബിയിലും അവസരമൊരുങ്ങുന്നു എന്നതാണ് ലോണ്‍ വ്യവസ്ഥയില്‍ യഥാര്‍ഥ സൃഷ്ടികള്‍ എത്തിക്കുന്നതുകൊണ്ടുള്ള പ്രയോജനം. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്ക്തും, അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേനാ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ ഒക്ടോബറില്‍ മ്യൂസിയത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ലോകം അക്രമത്തിലേക്കും അസഹിഷ്ണുതയിലേക്കും മാറുന്ന ഈ കാലഘട്ടത്തില്‍ ലോകത്തെ ചേര്‍ത്ത് നിര്‍ത്തുന്ന സാംസ്‌കാരിക കേന്ദ്രമായി ലൂവ്ര് അബുദാബി മാറുമെന്നാണ് പ്രതീക്ഷയെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. കലയുടെയും സംസ്‌കാരത്തിന്റെയും കളിത്തൊട്ടിലായി ലൂവ്ര് അബുദാബി മാറുമെന്നാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വിശേഷിപ്പിച്ചത്. 
പ്രത്യേകതകള്‍
ആര്‍ക്കിടെക്ട് രംഗത്തെ ഏറ്റവും ഉന്നത പുരസ്‌കാരമായ പ്രിറ്റ്സ്‌കര്‍ ലഭിച്ച ഫ്രാന്‍സിലെ പ്രശസ്ത വാസ്തുശില്പ വിദഗ്ധന്‍ ജീന്‍ നോവെല്‍ ‘വെളിച്ചത്തിന്റെ മഴ’ എന്ന ആശയത്തിലാണ് മ്യൂസിയത്തിന്റെ രൂപകല്‍പന നിര്‍വഹിച്ചിരിക്കുന്നത്. സൂര്യപ്രകാശത്തെ ഏറ്റവും മനോഹരമായി ഉപയോഗപ്പെടുത്തുന്ന നിര്‍മിതിയാണിത്. വെള്ളവും വെളിച്ചവും കലയും സമന്വയിക്കുന്ന ലൂവ്രില്‍ 600 അനശ്വര കലാസൃഷ്ടികളായിരിക്കും പ്രദര്‍ശിപ്പിക്കുക. 7500 ടണ്ണോളം ഭാരമുള്ള മിനാരമാണ് ലൂവ്ര് അബുദാബിയുടെ മുകളില്‍ തലയെടുപ്പോടെ നില്‍ക്കുന്നത്.

മ്യൂസിയത്തിലെ പ്രദര്‍ശന വസ്തുക്കളേക്കാളും ഇതിനോടകം ചര്‍ച്ചയായതും അതിന്റെ നിര്‍മിതിയിലെ ഈ പ്രത്യേകതതന്നെ. എട്ട് പാളികളിലായി ചേര്‍ത്തുവെച്ച 7850 നക്ഷത്രങ്ങളാണ് ഈ മിനാരത്തിന്റെ പ്രത്യേകത. ഇതിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശമാണ് ഉള്ളില്‍ വെള്ളാരം കല്ലുകള്‍ പോലെ തിളങ്ങുക. പാരീസിലെ ഈഫല്‍ ടവറിനോളം ഭാരമുണ്ട് ഇതിന്. 12 ഗ്യാലറികളാണ് മ്യൂസിയത്തിലുള്ളത്. ആദിമ ഗ്രാമങ്ങളും ലോക ശക്തികളും സംസ്‌കാരവും സാമ്രാജ്യങ്ങളും ലോക മതങ്ങള്‍, ഏഷ്യന്‍ വാണിജ്യരംഗം, മെഡിറ്ററേനിയന്‍ മുതല്‍ അറ്റ്ലാന്റിക് വരെ, പ്രപഞ്ചവിവരണം, ലോക ദര്‍ശനങ്ങള്‍, കോടതികളുടെ മഹിമ, ഒരു പുതിയജീവിത വീക്ഷണം, ഒരു പുതിയ ലോകം, ആധുനികതയുടെ വെല്ലുവിളികള്‍, സാര്‍വലൗകിക അവസ്ഥ എന്നീ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ് ഗ്യാലറികള്‍. 
ടിക്കറ്റ് നിരക്കുകള്‍
13 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് സൗജന്യമാണ് 22 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 60 ദിര്‍ഹം 13-നും 22-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 30 ദിര്‍ഹം വിദ്യാഭ്യാസരംഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് 30 ദിര്‍ഹം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: