ആദ്യ അക്ഷരം കുറിച്ച് കുരുന്നുകൾ

കണ്ണൂർ: ‘ആ, ആ’ എന്ന് പള്ളിയറ ശ്രീധരൻ മാസ്റ്റർ കൈ പിടിച്ച് എഴുതുമ്പോൾ 3 വയസ്സുകാരി യാസികക്ക് അദ്ഭുതമായിരുന്നു. സേലത്ത് നിന്ന് തൊഴിൽ തേടി കണ്ണൂരിലെത്തിയ കുടുംബത്തിന് മലയാളം വശമായിരുന്നില്ല. നാവിലെഴുതാൻ ശ്രമിച്ചപ്പോൾ കരഞ്ഞ് കൊണ്ട് എഴുന്നേറ്റോടി. മറ്റ് കുട്ടികളുടെ സന്തോഷം കണ്ടപ്പോൾ വീണ്ടും മാഷുടെ മടിയിലേക്ക്. കണ്ണൂർ തെക്കീ ബസാറിലെ എപിജെ അബ്ദുൾ കലാം ലൈബ്രറിയിലെ എഴുത്തിനിരുത്ത് ആകെ ബഹളമയമായിരുന്നു. മഹാലഷ്മിയുടെയും സതീഷിന്റെയും മകളാണ് യാസിക. ആയിരക്കണക്കിന് പുസ്തകങ്ങൾക്ക് നടുവിലായിരുന്നു ആദ്യ അക്ഷരം കുറിക്കൽ.
വിദ്യാരംഭം കുറിക്കാനുള്ള വിജയദശമി ദിനത്തിൽ നിരവധി കുരുന്നുകളാണ് ആദ്യാക്ഷരം കറിച്ചത്. എഴുത്തിനിരുത്തൽ ചടങ്ങ് രാവിലെ തന്നെയാരംഭിച്ചു. എപിജെ അബ്ദുൾ കലാം ലൈബ്രറിയിൽ മുൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയരക്ടർ പള്ളിയറ ശ്രീധരൻ എന്നിവർ കുട്ടികൾക്ക് ആദ്യാക്ഷരം പകർന്ന് നൽകി. വിദ്യാരംഭ ചടങ്ങ് രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എൻ വി ശ്രീജിനി, പള്ളിയറ ശ്രീധരൻ, ലൈബ്രറി സെക്രട്ടറി പി കെ ബൈജു, പ്രസിഡന്റ് കെ ജയരാജൻ, കമല സുധാകരൻ, വി കെ അഷിയാന അഷ്‌റഫ് എന്നിവർ സംസാരിച്ചു. എ പങ്കജാക്ഷൻ അധ്യക്ഷനായി.