സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി

സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച മർഗനിർദേശങ്ങൾ മന്ത്രാലയം പുറത്തിറക്കി.അൺലോക്ക് 5 ന്റെ ഭാഗമായി സ്കൂളുകൾ തുറന്നാലും രണ്ടോ മൂന്നോ ആഴ്ചത്തേക്ക് വിദ്യാർഥികളുടെ യാതൊരു തരത്തിലുള്ള മൂല്യനിർണയവും നടത്തരുതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തതമാക്കി.

സ്കൂളുകൾ ഒക്ടോബർ 15 ന് ശേഷം തുറക്കുന്ന കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനം എടുക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. സ്കൂളുകൾ തുറക്കണമെന്ന് നിർബന്ധമില്ലെന്നും ഓൺലൈൻ ക്ലാസുകൾ തുടരാമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രാലയം മാർഗനിർദ്ദേശങ്ങൾപുറപ്പെടുവിച്ചിട്ടുള്ളത്. എല്ലാ സ്കൂളുകളിലും ശുചിത്വം ഉറപ്പാക്കാൻ കർമസേനകൾ ഉണ്ടാവണമെന്ന് മാർഗനിർദേശങ്ങളിൽ പറയുന്നു. സ്കൂൾ കാമ്പസ് മുഴുവൻ ശുചീകരിക്കുകയും അണുനശീകരണം നടത്തുകയും വേണം. ക്ലാസ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കണം. വിദ്യാർഥികൾ സ്കൂളിലേക്ക് വരുമ്പോഴും തിരിച്ചു പോകുമ്പോഴും ക്ലാസിൽ ഇരിക്കുമ്പോഴും സാമൂഹ്യ അകലം ഉറപ്പാക്കണം. ക്ലാസ് മുറികളിൽ മാസ്ക് ധരിക്കണം. അക്കാദമിക് കലണ്ടറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണം.

ഡോക്ടറുടെയും നഴ്സിന്റെയും സേവനം ലഭ്യമാകുമെന്ന് ഉറപ്പാക്കണം. ഹാജർ കർശനമാക്കരുത്. വിദ്യാർഥികൾക്കും ജീവനക്കാർക്കും അസുഖ അവധി ആവശ്യമെങ്കിൽ അനുവദിക്കണം. രക്ഷിതാക്കളുടെ അനുമതി പത്രവുമായി മാത്രമെ വിദ്യാർഥികൾ സ്കൂളിലെത്താവൂ. സ്കൂളിൽ വരണമോ ഓൺലൈൻ ക്ലാസ് തുടരണോ എന്നകാര്യം തീരുമാനിക്കാൻ വിദ്യാർഥികൾക്ക് സ്വാതന്ത്ര്യം നൽകണമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: