ജീവനറ്റ്‌ ഇരിട്ടി പുഴ

ഇരിട്ടി:പ്രളയവും കാലവർഷവും രൂപപ്പെടുത്തിയ മണൽത്തിട്ടകൾ ഇരിട്ടി പുഴയുടെ ഒഴുക്കിന്‌ തടസമാകുന്നു. കല്ലും ചെളിയും മണ്ണും മരങ്ങ‌ളും നീക്കി പുഴയെ സംരക്ഷിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം. പ്രളയത്തിൽ ഒഴുകയെത്തിയ മണൽ ലൈഫ‌് മിഷൻ വീട‌് നിർമാണത്തിന‌് ഉൾപ്പെടെ പ്രയോജനപ്പെടുത്താൻ സൗകര്യമൊരുക്കണമെന്ന ആവശ്യവുമുണ്ട്‌. മണൽതിട്ടകൾ പഴശ്ശി പദ്ധതിയുടെ ജലസംഭരണിക്കും ഭീഷണിയാണ്‌. പുതുതായി പണിയുന്ന ഇരിട്ടി പാലം പരിസരത്ത‌് നിക്ഷേപിച്ച മൺകൂനകളും പുഴയുടെ ഒഴുക്കിനെ തടസപ്പെടുത്തുന്നു. പുഴയിൽ മണ്ണിട്ട‌് നടത്തുന്ന പാലം പണിക്കെതിരെ ശാസ‌്ത്ര സാഹിത്യ പരിഷത്ത്‌ രംഗത്തെത്തിയിട്ടുണ്ട്‌. കഴിഞ്ഞവർഷത്തെ പ്രളയത്തിൽ അടിഞ്ഞുകൂടിയ മണലും മരത്തടികളും നീക്കാത്തതാണ‌് ഇത്തവണ പുഴ കരകവിയാൻ കാരണമായത‌്. ഒപ്പം രണ്ട‌് പുഴകൾ സംഗമിക്കുന്ന ഇരിട്ടിയിൽ പാലം പണിക്കായി ലോഡ‌് കണക്കിനും മണ്ണും കല്ലും കോൺക്രീറ്റ‌് വേസ‌്റ്റും ഉപയോഗിച്ച‌് ഒഴുക്ക‌് തടഞ്ഞുണ്ടാക്കിയ ഗാബിയൻ മതിലുകളും കെടുതി രൂക്ഷമാക്കി. മണൽ നിക്ഷേപം ഇരിട്ടി പുഴയുൾപ്പെടെയുള്ള പുഴക്കടവുകളിൽ കനത്ത തോതിലുണ്ട‌്. ഇരിട്ടി പഴയ പാലം, വള്ള്യാട‌്, പടിയൂർ, പൂവം, വള്ളിത്തോട‌്, ചരൾ, ആനപ്പന്തി, ആറളം കാപ്പുംകടവ‌്, പായംമുക്ക‌് കടവുകളിൽ വൻ മണൽ ശേഖരമുണ്ട്‌. മണൽ വാരൽ മണലൂറ്റലിലേക്കും മണൽ കൊള്ളയിലേക്ക്‌ വഴുതിപ്പോകാതെ ശ്രദ്ധാപൂർവം ശേഖിരിക്കാനായാൽ ലൈഫ‌് മിഷൻ, പിഎംഎവൈ, ഐഎവൈ പദ്ധതികളിൽ നിർമിക്കുന്ന സാധാരണകുടുംബങ്ങളുടെ പാർപ്പിട നിർമാണത്തിന‌് ഉപയോഗിക്കാൻ സാധിക്കണമെന്നാണ‌് നാട്ടുകാർ ആവശ്യപ്പെടുന്നത‌്. രൂക്ഷമായ കരിയിടിച്ചിൽ ഭീഷണിയുള്ള മേഖലകളിൽ സുരക്ഷാ സംവിധാനങ്ങളൊരുക്കി പുഴ സംരക്ഷണത്തിനും പദ്ധതി വേണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: