പാനൂർപ്രദേശം കുഴൽപ്പണ-മയക്കുമരുന്ന് മാഫിയയുടെ കേന്ദ്രമായി മാറുന്നു

പാനൂർ: പാനൂർപ്രദേശം കുഴൽപ്പണ-മയക്കുമരുന്ന് മാഫിയയുടെ കേന്ദ്രമായി മാറുന്നു. സമീപകാല സംഭവങ്ങൾ ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. രാഷ്ടീയസംഘർഷങ്ങൾ ഇല്ലാതായതോടെയാണ് മാഫിയ, കവർച്ചസംഘങ്ങൾ സജീവമായത്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം തുറന്നതോടെയാണ് ഇവിടം ഇത്തരം സംഘങ്ങളുടെ പ്രവർത്തനമേഖലയായത്.ജൂൺ 10-ന് പാലക്കൂൽ കണ്ണൻപീടികയ്ക്കുസമീപം കോഴിക്കോട് കൊടുവള്ളി സ്വദേശിയുടെ 4,35,000 രുപ കവർന്നിരുന്നു. 12-ന് എലാങ്കോട് പൊതുകിണറിനുസമീപം സ്കൂട്ടർ യാത്രക്കാരനായ കോഴിക്കോട് സ്വദേശിയിൽനിന്ന് നാലുലക്ഷം രൂപയും കവർന്നു. രണ്ടു സംഭവങ്ങളിലുമായി മട്ടന്നൂർ സ്വദേശിയടക്കം ഒമ്പതുപേരെ പാനൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കുഴൽപ്പണ ഏജൻറുമാരെ പിന്തുടർന്ന് കവർച്ച നടത്തുകയാണ് പതിവ്. കുഴൽപ്പണമായതിനാൽ പലരും പരാതിപ്പെടാറില്ല. 15 ലക്ഷവും ഏഴുലക്ഷവും കവർച്ചചെയ്ത സംഭവത്തിൽ പരാതിക്കാരില്ലായിരുന്നു. ക്വട്ടേഷൻ പ്രവർത്തനത്തിന്റെ ഭാഗമായി മറ്റു പ്രദേശങ്ങളിൽ പോയി ഭീഷണിപ്പെടുത്തിയ സംഭവവുമുണ്ടായി.
കഞ്ചാവിന്റെയും മറ്റു മയക്കുമരുന്നിന്റെയും വിൽപന വ്യാപകമാണ്. സ്കൂൾ, കോളേജ് വിദ്യാർഥികളെ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. ജൂലായ് 18-ന് വള്ളങ്ങാട് പെട്രോൾപമ്പിനു സമീപം വാഹനപരിശോധനയ്ക്കിടെ ആറുകിലോ കഞ്ചാവ് തളിപ്പറമ്പ് സ്വദേശിയിൽനിന്ന് പിടിച്ചെടുത്തിരുന്നു. കഞ്ചാവുപയോഗിച്ച ഏതാനും യുവാക്കളും കഴിഞ്ഞദിവസം പോലീസ് പിടിയിലായി.
വെള്ളിയാഴ്ച പുലർച്ചെ പാനൂർ പോലീസ് ഇൻസ്പെക്ടർ ടി.പി.ശ്രീജിത്തിന്റെയും പ്രിൻസിപ്പൽ എസ്.ഐ. കെ.സന്തോഷിന്റെയും എ.എസ്.ഐ.സി.രമേശന്റെയും സി.പി.ഒ. എൻ.റാഷിദിന്റെയും നേതൃത്വത്തിലുള്ള പോലീസ്‌ സംഘം ചെണ്ടയാട്, മാവിലേരി ഭാഗത്തേക്ക് പോയത് ക്രമസമാധാനപ്രശ്നവുമായി ബന്ധപ്പെട്ടായിരുന്നു. നവോദയ റോഡിലൂടെ പോകുകയായിരുന്ന കാർ കൈകാണിച്ചുനിർത്തി പരിശോധിച്ചപ്പോഴാണ് ഒരുകോടി രൂപയുടെ കുഴൽപ്പണവും 264 സ്പാസ്മോ പ്രോക്സിവോൺ പ്ലസ് എന്ന ലഹരി ഗുളികയും കണ്ടെത്തിയത്. കോഴിക്കോട്, തലശ്ശേരി സ്വദേശികളായ മൂന്നുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എ.എസ്‌.ഐ.മാരായ പി.മനോഹരൻ, കെ.സി.വിനോദൻ, കെ.കെ.ദീപക്, സീനിയർ സി.പി.ഒ.മാരായ എ.കെ.സുരേഷ്, കെ.എം.ശിവദാസൻ, സി.പി.ഒ.മാരായ കെ.പി.മനോജൻ, ഇ.എം.സുരേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: