പ്രതിസന്ധി മറികടക്കാന്‍ പുതിയ തീരുമാനം; 450 രൂപ ദിവസവേതനത്തില്‍ ഡ്രൈവര്‍മാരെ നിയമിക്കാന്‍ ഒരുങ്ങി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: ഡ്രൈവര്‍മാരില്ലാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കെഎസ്‌ആര്‍ടിസിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ നിയമിക്കാന്‍ തീരുമാനം. ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ ഇന്നലെ വിളിച്ച ഉന്നതതല യോഗത്തിലാണ് 450 രൂപ ദിവസവേതനത്തില്‍ ഡ്രൈവര്‍മാരെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
ഡ്രൈവര്‍മാരില്ലാത്തതിനാല്‍ ഇന്നലെ 1251 സര്‍വ്വീസുകള്‍ മുടങ്ങിയെന്നാണു വിവരം. എന്നാല്‍ 745 ഷെഡ്യൂളുകള്‍ മുടങ്ങിയെന്നാണ് ഔദ്യോഗിക കണക്ക്. ഡ്രൈവര്‍മാരുടെ കുറവു മൂലം സംസ്ഥാനമെങ്ങും യാത്രാപ്രതിസന്ധി തുടരുകയാണ്. ഇതെല്ലാം കണക്കിലെടുത്താണ് ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചത്.
ഹെവി ഡ്രൈവിങ് ലൈസന്‍സും അഞ്ച് വര്‍ഷം പാസഞ്ചര്‍ വാഹനങ്ങള്‍ ഓടിച്ചു പരിചയവുമുള്ള ആര്‍ക്കും ദിവസവേതനത്തിനു കെഎസ്‌ആര്‍ടിസി ഡ്രൈവറാകാം. 400 ഡ്രൈവര്‍മാരെ ദിവസവേതന വ്യവസ്ഥയില്‍ ലഭ്യമായാല്‍ പ്രതിസന്ധി മറികടക്കാമെന്നാണു പ്രതീക്ഷിക്കുന്നത്. 450 രൂപയാണു ഡ്രൈവര്‍മാര്‍ക്കുള്ള ദിവസക്കൂലി.
പിരിച്ചുവിടപ്പെട്ട താല്ക്കാലിക ഡ്രൈവര്‍മാര്‍ക്കും ദിവസ വേതനത്തില്‍ ജോലിക്കെത്താമെന്ന നിര്‍ദേശം എല്ലാ യൂണിറ്റുകള്‍ക്കും നല്‍കിയിട്ടുണ്ട്. കൂടാതെ ഡ്രൈവര്‍ കം കണ്ടക്ടര്‍ രീതി ഒഴിവാക്കാനും കെഎസ്‌ആര്‍ടിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: