വിശക്കുന്നുണ്ടോ, ജയിലിൽ വരൂ

കണ്ണൂർ: വിശക്കുന്ന ഒരാൾക്ക് ഒരുനേരത്തെ ആഹാരം വാങ്ങിക്കൊടുക്കാൻ താത്പര്യമുണ്ടോ, അതും ആരുമറിയാതെ. അതിനുള്ള പദ്ധതിക്ക്‌ കണ്ണൂർ സെൻട്രൽ ജയിലിൽ തുടക്കമിടുന്നു. ഒപ്പം വിശക്കുന്ന ആർക്കും അവിടെവന്ന്‌ അത് സൗജന്യമായി കഴിക്കാനുള്ള സംവിധാനവും വരുന്നു.ജയിൽവകുപ്പ് ആവിഷ്കരിച്ച ’ഷെയർമീൽ’ എന്ന പദ്ധതി പ്രകാരം വിശക്കുന്ന ആർക്കും കൂപ്പൺ കാണിച്ചുകൊണ്ട് ജയിൽ കൗണ്ടറിൽനിന്ന് ചപ്പാത്തിയും കറിയും വാങ്ങിക്കഴിക്കാം. കൗണ്ടറിൽ ഭക്ഷണക്കൂപ്പൺ പിൻചെയ്തുവെച്ചിട്ടുണ്ടാവും. ആവശ്യക്കാർക്ക് ആ കൂപ്പണെടുത്ത്‌ കൗണ്ടറിൽ കൊടുത്താൽ ഭക്ഷണപാക്കറ്റ് സൗജന്യമായി ലഭിക്കും. ഈ പദ്ധതിയിൽ ഭക്ഷണം നൽകാനാഗ്രഹിക്കുന്നവർ ചെയ്യേണ്ടത് ഇത്രമാത്രം: ഒരുനേരത്തെ ആഹാരത്തിന്റെ പണം കൗണ്ടറിൽ നൽകുക. ജയിലധികൃതർ ഒരു കൂപ്പൺ ബോർഡിൽ പിൻചെയ്യും. എത്ര കൂപ്പൺ വേണമെങ്കിലും ഇതുപോലെ പണമടച്ചുവാങ്ങി പിൻചെയ്യാം. ആര് പണം നൽകിയെന്നോ ആര് കൂപ്പൺ വാങ്ങി ഭക്ഷണം കഴിച്ചുവെന്നോ പുറത്തറിയില്ല. ജയിലിലുണ്ടാക്കുന്ന ഭക്ഷണമാണ് നൽകുക.
വിശക്കുന്നവർക്ക് ഭക്ഷണം നൽകുകയെന്ന നന്മനിറഞ്ഞ പ്രവൃത്തിക്കാണ് ജയിൽവകുപ്പ് നേതൃത്വംനൽകുന്നത്. ഒക്ടോബർ എട്ടിന് ജയിൽ ഡി.ജി.പി. ഋഷിരാജ്‌ സിങ് പദ്ധതിയുടെ ഉദ്ഘാടനം കണ്ണൂരിൽ നിർവഹിക്കും.അതിനിടെ ജയിലിൽ തുടങ്ങാനുദ്ദേശിക്കുന്ന ഓൺലൈൻ ഭക്ഷണവിതരണപദ്ധതി മാർക്കറ്റിങ്‌ കമ്പനിയായ സൊമാറ്റോ പിൻവാങ്ങിയതിനെത്തുടർന്ന് തത്കാലം മാറ്റിവെച്ചിരിക്കുകയാണ്.അഞ്ചുകിലോമീറ്റർ ചുറ്റളവിലെ വീടുകളിലുംമറ്റും നിശ്ചിത പാക്കേജ് ജയിൽഭക്ഷണമെത്തിക്കുന്നതാണ് പദ്ധതി. ഓൺലൈൻ വഴി ഭക്ഷണത്തിന് പണമടച്ച് ബുക്കുചെയ്യാം. ഫ്രൈഡ് റൈസ്, ചിക്കൻ കറി, ചിക്കൻ റോസ്റ്റ്, ചപ്പാത്തി, ലഡു, കുപ്പിവെള്ളമുൾപ്പെടെയുള്ള ഒരു പാക്കേജാണ് നൽകുക. 130 രൂപയായിരിക്കും ഈടാക്കുക. ആവശ്യക്കാർക്ക് ഏജൻസിയുടെ വിതരണക്കാർ വീടുകളിലെത്തിക്കും. എത്ര ഓർഡറും സ്വീകരിക്കും. ജയിലിൽനിന്നുണ്ടാക്കുന്ന ഭക്ഷണം ഏജൻസി വാങ്ങുകയും പ്രത്യേക ചാർജീടാക്കി വിതരണംചെയ്യുകയുമാണ് ചെയ്യുക. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ എന്നിവിടങ്ങളിലെ ജയിലുകളിൽ പദ്ധതി നടപ്പാക്കുന്നുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: