വിളവെടുപ്പ് നാളെ പാഷൻ ഫ്രൂട്ട്‌ തില്ലങ്കേരിക്ക്‌ ഫാഷൻ

കണ്ണൂർ: കാഴ്ചക്കാരിൽ കൗതുകവും കർഷകരിൽ ആത്മവിശ്വാസവും നിറച്ച് തില്ലങ്കേരിയിലെ പാഷൻ ഫ്രൂട്ട് കൃഷി. വാണിജ്യാടിസ്ഥാനത്തിൽ പാഷൻ ഫ്രൂട്ട് കൃഷി തുടങ്ങിയപ്പോൾ ഫാഷനല്ല, വരുമാനത്തിനുള്ള മാർഗമാണിതെന്ന്‌ തെളിഞ്ഞു. പഞ്ചായത്തിലെ വീടുകളിൽ വിളവെടുപ്പിനൊരുങ്ങി നിൽക്കുന്ന പാഷൻ ഫ്രൂട്ടുകൾ ഇതിന് തെളിവാണ്‌. വീടുകളിലെ കൃഷി കൂടാതെ വിവിധ വാർഡുകളിലായി മാതൃകാ പാഷൻ ഫ്രൂട്ട് തോട്ടങ്ങളും പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്. പദ്ധതിയുടെ വിളവെടുപ്പ് കൃഷി മന്ത്രി വി എസ് സുനിൽ കുമാർ ഞായറാഴ്‌ച നിർവഹിക്കും. പകൽ 12ന്‌ തലച്ചങ്ങാട് മുണ്ടച്ചാലിലാണ്‌ ഉദ്‌ഘാടനം.
കുടുംബശ്രീ ജില്ലാ മിഷൻ മുഖേന നടപ്പാക്കുന്ന പാഷൻ ഫ്രൂട്ട് ഗ്രാമം പദ്ധതി വഴിയാണ് തില്ലങ്കേരിയിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാനാരംഭിച്ചത്. ആദ്യമായാണ് ഇത്തരം ഒരു പദ്ധതി നടപ്പാക്കുന്നത്. ഇതിനാൽ മികച്ച മുന്നൊരുക്കങ്ങളാണ് പഞ്ചായത്ത് നടത്തിയത്‌.
ആത്മ, കൃഷി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ കർഷകർക്കും കുടുംബശ്രീ പ്രവർത്തകർക്കുമായി ശാസ്ത്രീയമായ കൃഷിരീതിയെക്കുറിച്ച് ക്ലാസുകൾ സംഘടിപ്പിക്കുകയും പരിശീലനം നൽകുകയും ചെയ്തിരുന്നു. കുടുംബശ്രീ പ്രവർത്തകർ, ജെഎൽജി ഗ്രൂപ്പുകൾ, കർഷകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. മാതൃകാ തോട്ടങ്ങൾക്കാവശ്യമായ നിലവും പന്തലുമൊരുക്കിയത് തൊഴിലുറപ്പ് തൊഴിലാളികളാണ്.
2019 ജൂണിൽ ആരംഭിച്ച പാഷൻ ഫ്രൂട്ട് കൃഷിക്കായി 2000 തൈകളാണ് പഞ്ചായത്ത് തയ്യാറാക്കിയത്‌. ജില്ലാ കുടുംബശ്രീ മിഷനാണ് തൈകൾ വിതരണം ചെയ്തത്. പാഷൻ ഫ്രൂട്ടിനായി നിരവധി ആവശ്യക്കാർ എത്തുന്നുണ്ടെന്ന് തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ്‌ പി പി സുഭാഷ് പറഞ്ഞു. തില്ലങ്കേരിയിലെ ഓരോ വീട്ടിലും പാഷൻ ഫ്രൂട്ട് വിളയുന്ന ഒരു തൈയെങ്കിലും ഇന്നുണ്ട്. കുടുംബശ്രീ ജില്ലാമിഷൻ ഫലങ്ങൾ വാങ്ങാമെന്ന് അറിയിച്ചിട്ടുണ്ട്‌. അടുത്ത തവണ കൂടുതൽ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: