കൂട്ട മരണങ്ങളില്‍ നിര്‍ണായക തെളിവ് : ആറുപേര്‍ക്കും വിഷം ആട്ടിന്‍സൂപ്പിൽ

കോഴിക്കോട് : കൂടത്തായി കൂട്ട മരണത്തില്‍ നിര്‍ണായക തെളിവ് ലഭിച്ചു . മരിച്ച ആറു പേരും മരണത്തിനുമുന്‍പ് ആട്ടിന്‍സൂപ്പ് കഴിച്ചിരുന്നതായി കണ്ടെത്തി . ആട്ടിന്‍സൂപ്പ് കഴിച്ചതിനുപിന്നാലെ ഛര്‍ദിച്ച്‌ കുഴഞ്ഞുവീണാണ് മരണങ്ങള്‍ സംഭവിച്ചിരിക്കുന്നത് . മരിച്ച റോയ് തോമസിന്റെ ശരീരത്തില്‍ സയനൈഡിന്റെ അംശമുണ്ടായിരുന്നു. 2002 മുതല്‍ 2016 വരെ പൊന്നാമറ്റം കുടുംബത്തിലുണ്ടായ മരണത്തില്‍ ബന്ധുവിന്റെ പരാതിയെത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത് . കല്ലറകള്‍ തുറന്ന് അന്വേഷണസംഘം ശരീരാവശിഷ്ടങ്ങള്‍ ശേഖരിച്ചു .
ഫൊറന്‍സിക് വിദഗ്‌ധരും ഡോക്ടര്‍മാരുള്‍പ്പെടെയുള്ള സംഘമാണ് കല്ലറകള്‍ തുറന്നത് . ഒരു മണിക്കൂറിനുള്ളില്‍ രണ്ടു പേരുടെയും ദ്രവിച്ചു പോകാത്ത ശരീര ഭാഗങ്ങള്‍ ശേഖരിച്ചു. ഷാജുവിന്റെ ഭാര്യ സിലി, പത്ത് മാസം പ്രായമായ മകള്‍ എന്നിവരുടെ മൃതദേഹ അവശിഷ്ടങ്ങളാണ് ആദ്യം പുറത്തെടുത്തത്. പിന്നീട് ക്രൈംബ്രാഞ്ച് സംഘം കൂടത്തായി ലൂര്‍ദ് മാതാ പള്ളിയിലെത്തി. രണ്ട് കല്ലറകളാണ് തുറന്നത്. പൊന്നാമറ്റത്തില്‍ അന്നമ്മ, അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസ്, മകന്‍ റോയ് എന്നിവരെ സംസ്കരിച്ചിട്ടുള്ള കല്ലറയാണ് ആദ്യം തുറന്നത്. പിന്നാലെ അന്നമ്മയുടെ സഹോദരന്‍ മഞ്ചാടിയില്‍ മാത്യുവിനെ സംസ്കരിച്ചിട്ടുള്ള കല്ലറയും തുറന്ന് ശരീരാവശിഷ്ടങ്ങള്‍ ശേഖരിച്ചു. മരിച്ചവരുടെ ബന്ധുക്കളും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു നടപടി. ശാസ്ത്രീയ പരിശോധന ഫലം വരുന്നതോടെ ദുരൂഹ മരണത്തിന് വ്യക്തതയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: