ഇരിട്ടി പയഞ്ചേരിമുക്കിലെ കയ്യേറ്റഭൂമികൾ തിരിച്ചു പിടിക്കൽ നടപടികൾ ആരംഭിച്ചു

ഇരിട്ടി: മഴക്കാലത്ത് നിരന്തരം വെള്ളക്കെട്ട് രൂപപ്പെടുന്ന ഇരിട്ടി- പേരാവൂര്‍ റോഡിൽ പയഞ്ചേരിമുക്കിലെ കയ്യേറ്റ ഭൂമികൾ തിരിച്ചു പിടിച്ച് റോഡ് വികസിപ്പിക്കുവാനുള്ള നടപടികൾ റവന്യൂ വകുപ്പ് ശ്രമം ആരംഭിച്ചു. ഇതിനായി താലൂക്ക് തഹസിൽദാരുടെ നേതൃത്വത്തിൽ സർവേ നടത്തി ഭൂമി അളന്നു തിരിച്ച് സർവ്വേക്കല്ലുകൾ സ്ഥാപിക്കുന്ന പ്രവർത്തിയാണ് ആരംഭിച്ചത്. തിരിച്ചുപിടിക്കുന്ന ഭൂമി റോഡ് വികസനത്തിനും അതുവഴി വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി പ്രയോജനപ്പെടുത്തും.
ഇരിട്ടി ബ്ലോക്ക് ഓഫീസിനു മുന്നിലും മറ്റും നിരന്തരം വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഇത് പരിഹരിക്കാന്‍ റവന്യു വകുപ്പും പൊതുമരാമത്ത് വകുപ്പും സംയുക്തമായി നടത്തിയ പ്രാഥമിക പരിശോധനയിൽ മേഖലയില്‍ റോഡ് കൈയേറ്റം ഉള്ളതായി കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇരിട്ടി തഹസില്‍ദാര്‍ കെ.കെ. ദിവാകരന്റെ നേതൃത്വത്തില്‍ മേഖലയില്‍ വെള്ളിയാഴ്ച്ച സര്‍വ്വെ നടത്തിയത്.
പയഞ്ചേരി ജംങ്ഷന്‍ മുതല്‍ പഴയ ടാക്കീസ് ജംങ്ഷന്‍ വരെയുള്ള ഭാഗത്തായി റോഡിന്റെ ഇരു വശങ്ങളിലുമായി രണ്ട് മീറ്ററോളം പല ഭാഗങ്ങളിലും കൈയേറ്റം ഉണ്ടായതായി കണ്ടെത്തി. ഇവ അളന്നു തിരിച്ച് സര്‍വ്വെക്കല്ല് സ്ഥാപിച്ചു. ഇരിട്ടി ടൗണ്‍ റോഡിലെ കൈയേറ്റം ഒഴിപ്പിച്ചതിന് പിന്നാലെയാണ് റവന്യു സംഘം പേരാവൂര്‍ റോഡിലും ഒഴിപ്പിക്കാനുള്ള നടപടി ശക്തമാക്കിയത്.
റോഡ് വികസനത്തിനായി പൊതുമരാമത്ത് വകുപ്പിന് ഒഴിപ്പിച്ചെടുത്ത ഈ ഭാഗങ്ങൾ കൈമാറും. ചെറിയ മഴ പെയ്താൽ പോലും ബ്ലോക്ക് ഓഫീസിന് മുന്നില്‍ വെള്ളം കയറി ഗതാഗതം മുടങ്ങുന്ന അവസ്ഥയാണ്. കഴിഞ്ഞ കാലവർഷത്തിൽ മൂന്ന് ദിവസത്തോളം ബ്ലോക്ക് ഓഫീസിന്റെ താഴത്തെ നില വെള്ളത്തിൽ മുങ്ങിക്കിടക്കുകയും ഇതിലെ ഫയലുകളും കമ്പ്യൂട്ടറുകളും മറ്റും നശിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴുള്ള വീതികുറഞ്ഞ ഓവുചാലുകൾ മാറ്റി പുതിയ ഓവുചാല്‍ സ്ഥാപിക്കുന്നതിനും റോഡ് ഉയര്‍ത്തുന്നതിനുമായി ഒരു കോടിയുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് സര്‍ക്കറിന് സമര്‍പ്പിച്ചിട്ടുണ്ട്. വര്ഷങ്ങളായി തുടരുന്ന വെള്ളക്കെട്ട് ഏറെ പ്രശ്ങ്ങൾ സൃഷ്ടിക്കുന്നതിനാൽ ഉടന്‍ അനുമതി ലഭിക്കാനാണ് സാദ്ധ്യത. കയ്യേറിയ ഭൂമികൾ തിരിച്ചെടുത്ത് റോഡ് വികസിപ്പിക്കുന്നതോടെ പയഞ്ചേരിമുക്കിൽ ഇപ്പൾ നിരന്തരം ഉണ്ടാകുന്ന ഗതാഗത തടസ്സത്തിനും പരിഹാരമുണ്ടാകും.
തഹസില്‍ദാര്‍ക്ക് പുറമെ അഡീഷണല്‍ തഹസില്‍ദാര്‍ ശിവരാമന്‍, ഹെഡ് സര്‍വ്വെയര്‍ രാജന്‍, താലൂക്ക് സര്‍വ്വെയര്‍മാരായ ജില്‍സ് , സുരേഷ്, താലൂക്ക് ജീവനക്കരായി സി.ടി. പ്രസാദ്, ദീപേഷ് ചാക്കോ വില്ലേജ് അധികൃതര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സര്‍വ്വെ പൂര്‍ത്തിയാക്കിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: