മയ്യഴിതിരുനാള്‍: ആദ്യ നാളില്‍ അനുഗ്രഹം തേടി ആയിരങ്ങള്‍

തലശ്ശേരി – സ്തുതിഗീതങ്ങളുടെ ശ്രുതിമധുരവും, കുന്തിരിക്കത്തിന്റെ ഗന്ധവും തളം കെട്ടി നിന്ന അന്തരീക്ഷത്തില്‍, നൂറുകണക്കിന്

ഭക്തജനങ്ങള്‍ക്ക് ദര്‍ശനപുണ്യമൊരുക്കി, വിശുദ്ധ മാതാവിന്റെ തിരുസ്വരൂപം പളളി വികാരി ഫാദര്‍ ജെറോം ചിങ്ങന്തറ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ,ദേവാലയവും പരിസരവും ആത്മീയ ദിവ്യപ്രഭയില്‍ ജ്വലിച്ചു നിന്നു.മയ്യഴിയുടെ ദേശീയോത്സവമെന്ന നിലയില്‍ നഗരസഭാ കാര്യാലയത്തിലെ സൈറണ്‍ മുഴങ്ങുകയും, മയ്യഴി പള്ളിയിലെ കൂറ്റന്‍ മണികള്‍ ഒന്നിച്ച് മുഴങ്ങുകയും ചെയ്തു. ആയിരങ്ങളുടെ കണ്ണുകള്‍ക്കും, മനസ്സുകള്‍ക്കും ആത്മീയാനുഭൂതി പകര്‍ന്ന്, രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന അമ്മത്രേസ്യാ പുണ്യവതിയുടെ തേജസ്സാര്‍ന്ന ദിവ്യരൂപം പൊതു വണക്കത്തിന് വെച്ചതോടെ, മാതാവിന്റെ അനുഗ്രഹം തേടാനും, ജമന്തിപ്പൂമാലയര്‍പ്പിക്കാനും, മെഴുകുതിരികള്‍ കത്തിക്കാനും. കാണിക്കയര്‍പ്പിക്കാനുമൊക്കെ വന്‍ ജനാവലിയാണ് വിശാലമായ അള്‍ത്താരയിലെത്തിയത്. പള്ളിയുടെ ഇരുവശങ്ങളിലും ഏറെ ദൂരത്തിലുള്ള ക്യൂ കാണാമായിരുന്നു -പെരുന്നാള്‍ ദിനങ്ങളില്‍ വിവിധ ഭാഷകളില്‍ ദിവ്യബലികള്‍ നടക്കും.
ഒക്ടോബര്‍ 14 ന് വൈ: 7 മണിക്ക് മയ്യഴി മാതാവിന്റെ ദാരുശില്‍പവും വഹിച്ചുള്ള രഥഘോഷയാത്ര നടക്കും. മെത്രാന്‍ ഡോ: ജോസ് പൊരുന്നേടം ദിവ്യബലിക്ക് കാര്‍മ്മികത്വം വഹിക്കും.15 ന് പുലര്‍ച്ചെ ശയനപ്രദക്ഷിണം നടക്കും. ബിഷപ്പ് ഡോ: വര്‍ഗ്ഗീസ് ചക്കാലക്കലിന്റെ കാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലിയുണ്ടാകും.വൈ: 5 മണിക്ക് മേരി മാതാ കമ്മ്യൂണിറ്റി ഹാളില്‍ സ്‌നേഹസംഗമം സംഘടിപ്പിക്കും.
ഒക്ടോബര്‍ 19 ന് കാലത്ത് 9 മണി മുതല്‍ കുട്ടികളെ എഴുത്തിനിരുത്തല്‍ ചടങ്ങ് നടക്കും.21 ന് കണ്ണൂര്‍ രൂപതാദ്ധ്യക്ഷന്‍ ഡോ: അലക്‌സ് വടക്കുംതല ആഘോഷ ദിവ്യബലിയില്‍ സംബന്ധിക്കും.22 ന് കാലത്ത് 10.15ന് വരാപ്പുഴ മെത്രാപ്പോലിത്തഡോ: ജോസഫ് കളത്തിപ്പറമ്പിലിന് സ്വീകരണം നല്‍കും.പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകളോടെ അമ്മയുടെ തിരുസ്വരൂപം രഹസ്യ അറയിലേക്ക് മാറ്റുന്നതോടെ പെരുന്നാളിന് കൊടിയിറങ്ങും.
പെരുന്നാള്‍ ദിനങ്ങളില്‍ നൊവേന, ദിവ്യപൂജ, എന്നിവ ഉണ്ടായിരിക്കും.പെരുന്നാള്‍ ദിനങ്ങളില്‍ കൂടുതല്‍ ബസ്സ് സര്‍വീസുകളും, ട്രെയിനില്‍ കൂടുതല്‍ ബോഗികളുമുണ്ടായിരിക്കും -മാഹി മൈതാനത്ത് വാഹന പാര്‍ക്കിങ്ങിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്
നഗരമാകെ അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. ചന്തകള്‍ നേരത്തെ തന്നെ ലേലം ചെയ്തിനാല്‍ ചന്തക്കാരും വഴിവാണിഭക്കാരുമെല്ലാം എത്തിത്തുടങ്ങി. മഴ ചതിച്ചില്ലെങ്കില്‍ ഈ ഉത്സവകാലത്തെ ആദ്യത്തെ മഹോത്സവമായ മയ്യഴി തിരുനാള്‍, ചന്തക്കാര്‍ക്കും കൊയ്ത്തുകാലമാകും. ക്രമസമാധാന പാലനത്തിന് പുതുച്ചേരിയില്‍ നിന്ന് കൂടുതല്‍ പോലീസ് സേന എത്തിച്ചേരും തിരക്കുള്ള നാളുകളില്‍ ദേശീയ പാതയിലെ ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തും.
മയ്യഴിക്കാര്‍ക്ക് ഇനി അതിഥി സല്‍ക്കാരത്തിന്റേയും ആരവങ്ങളുടേയും ഉറക്കമില്ലാദിനരാത്രങ്ങളായിരിക്കും. പൊരിയും, ഹല്‍വയുമാണ് പെരുന്നാള്‍ സ്‌പെഷ്യലുകളായി ചന്തകളില്‍ ഇടം പിടിച്ചിട്ടുള്ളത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: