ഭിന്നശേഷിക്കാര്‍ സമൂഹത്തില്‍ ഒറ്റപ്പെടുന്ന അവസ്ഥ ഉണ്ടാകരുത് : മന്ത്രി ഇ പി ജയരാജന്‍

5 / 100 SEO Score


ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അവര്‍ സമൂഹത്തില്‍ ഒറ്റപ്പെടുന്ന അവസ്ഥ ഉണ്ടാകരുതെന്നും മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. കതിരൂര്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കുന്ന ബഡ്‌സ് സ്‌കൂളിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ എ എന്‍ ഷംസീര്‍ എംഎല്‍എ അധ്യക്ഷനായി.

ഭിന്നശേഷിക്കാരുടെ സാമൂഹ്യവും മാനസികവുമായ വികാസം ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ബഡ്‌സ് സ്‌കൂളുകള്‍ ആരംഭിച്ചത്. വീടുകളില്‍ ഒറ്റപ്പെട്ടു പോകുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഉന്നതവിദ്യാഭ്യാസത്തിനൊപ്പം കുട്ടികള്‍ക്ക് മാനസികോല്ലാസം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ബഡ്‌സ് സ്‌കൂളുകള്‍ വഴി നടക്കുന്നുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ പ്രായപരിധി ഏര്‍പ്പെടുത്തിയിട്ടില്ലെന്നതാണ്  സര്‍ക്കാര്‍ ബഡ്‌സ് സ്‌കൂളുകളുടെ പ്രത്യേകതയെന്നും സ്വകാര്യസ്ഥാപനങ്ങള്‍ ഫീസും പ്രായവും നിര്‍ണയിച്ച് കുട്ടികളെ തെരഞ്ഞെടുക്കുമ്പോള്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ബഡ്‌സ് സ്‌കൂളുകള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ആശ്രയമായി മാറിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. നിലവില്‍ കതിരൂര്‍ പഞ്ചായത്തില്‍  മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന 113 കുട്ടികള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ കുട്ടികള്‍ മറ്റ് പഞ്ചായത്തുകളിലെ സ്‌കൂളുകളില്‍ പോയാണ് പഠനം നടത്തുന്നത്. കതിരൂര്‍ പഞ്ചായത്തിലെ കുട്ടികള്‍ക്ക്  ഇവിടെത്തന്നെ പഠിക്കുവാനുള്ള അവസരത്തിനായാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ തദ്ദേശസ്ഥാപന രംഗത്ത് വന്‍ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം ലോകത്തിനു തന്നെ മാതൃകയായി മാറിയിരിക്കുകയാണ്. ഈ നേട്ടങ്ങള്‍ക്ക് സംസ്ഥാനത്തെ പര്യാപ്തമാക്കിയത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളാണെന്നും മന്ത്രി പറഞ്ഞു.

പൊന്ന്യം പറാംകുന്നിലെ പഞ്ചായത്തിന്റെ കീഴിലുള്ള 15 സെന്റ് സ്ഥലത്താണ് ബഡ്‌സ് സ്‌കൂള്‍ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.
പഞ്ചായത്ത് പരിധിയിലെ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി പഠന സൗകര്യവും കരുതലും ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബഡ്‌സ് സ്‌കൂള്‍ പ്രവൃത്തി ആരംഭിച്ചത്.
201819, 201920 വര്‍ഷത്തെ ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് വിഹിതമായ 75 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇവിടേക്ക് ആവശ്യമായ ഫര്‍ണ്ണിച്ചറുകള്‍ 12 ലക്ഷം രൂപ ചെലവില്‍ കുടുംബശ്രീ ജില്ലാ മിഷനും നല്‍കി.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗം ടി ടി റംല, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കാരായി രാജന്‍, പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷിമി, കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ഷീബ, വൈസ് പ്രസിഡണ്ട് പി പി സനില്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ സുഗീഷ്, എ സംഗീത,  വി കെ ലഹിജ, പി വി രാഘവന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: