മത്സ്യകൃഷിയില്‍ സ്വയം പര്യാപ്തത കൈവരിക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

5 / 100

മത്സ്യകൃഷിയില്‍ സ്വയം പര്യാപ്തത കൈവരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. തലശ്ശേരി തലായില്‍ ഫിഷറീസ് വകുപ്പ് ജലകൃഷി വികസന ഏജന്‍സി കേരള (അഡാക് ) യുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന മത്സ്യത്തീറ്റ ഉത്പാദന കേന്ദ്രത്തിന്റെ നിര്‍മ്മാണോദ്ഘാടനം എരഞ്ഞോളി ഫിഷ്ഫാമില്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ ജലസ്രോതസ്സുകള്‍ ജല കൃഷിക്കായി വിനിയോഗിച്ച് മത്സ്യ ഉല്‍പ്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒട്ടനവധി വികസന പദ്ധതികള്‍ മത്സ്യവകുപ്പും അനുബന്ധ ഏജന്‍സികളും മുഖേന നടപ്പിലാക്കി വരുന്നുണ്ടെന്നും ജനകീയ മത്സ്യകൃഷി, സുഭിക്ഷ കേരളം പദ്ധതി എന്നിവ ഇതില്‍ പ്രധാനമാണെന്നും മന്ത്രി പറഞ്ഞു. മത്സ്യ ഉല്‍പ്പാദനത്തില്‍ കേരളത്തെ ഒന്നാമതെത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മത്സ്യകൃഷി വഴിയുള്ള മത്സ്യ ഉല്‍പാദനം ഇരുപത്തി അയ്യായിരം ടണ്ണില്‍ നിന്നും വരുന്ന മൂന്നു വര്‍ഷങ്ങളിലായി 1.5 ലക്ഷം ടണ്ണായി വര്‍ധിപ്പിക്കുക എന്നതാണ് ഈ വികസന പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് ഉത്പാദിപ്പിക്കപ്പെടുന്ന മത്സ്യത്തിന്റെ ഏറിയപങ്കും മത്സ്യബന്ധനം വഴിയാണ് ലഭ്യമാകുന്നത്. എന്നാല്‍ മത്സ്യബന്ധനം വഴിയുള്ള മത്സ്യ ഉല്‍പ്പാദനം അനുദിനം കുറഞ്ഞു വരുന്ന സ്ഥിതിയിലാണ്. ഈ സാഹചര്യത്തിലാണ് ജല കൃഷിയിലൂടെ മത്സ്യ ഉല്‍പ്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഗുണമേന്മയുള്ള മത്സ്യത്തീറ്റ ലഭ്യമല്ല എന്നുള്ളതാണ് ഈ മേഖലയില്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. സംസ്ഥാനത്തിന് ആവശ്യമായ മത്സ്യതീറ്റയുടെ ഏറിയപങ്കും അന്യ സംസ്ഥാനങ്ങളില്‍ നിന്നുമാണ് വന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മത്സ്യത്തീറ്റ യുടെ ലഭ്യത കര്‍ഷകര്‍ക്ക് ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന മത്സ്യ വകുപ്പും മത്സ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജലകൃഷി വികസന ഏജന്‍സി കേരളയും ചേര്‍ന്ന് വിവിധങ്ങളായ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നത്. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രേക്കിഷ് വാട്ടര്‍ അക്വാകള്‍ച്ചര്‍ (സിഐബിഎ )യുടെ സഹായത്തോടെയാണ് തലായില്‍ മത്സ്യത്തീറ്റ ഉല്‍പ്പാദന കേന്ദ്രം ആരംഭിക്കുന്നത്.

ചടങ്ങില്‍ എ എന്‍ ഷംസീര്‍ എം എല്‍ എ അധ്യക്ഷനായി.  കെ മുരളീധരന്‍ എം പി, തലശ്ശേരി നഗരസഭ അധ്യക്ഷന്‍ സി കെ രമേശന്‍, എരഞ്ഞോളി പഞ്ചായത്ത് പ്രസിഡണ്ട് കെ രമ്യ, ഫിഷറീസ് ഡയറക്ടര്‍ എം ജി രാജമാണിക്യം, കെ എസ് സി എ ഡി സി മാനേജിങ് ഡയറക്ടര്‍ പി ഐ ഷെയ്ക് പരീത്,
അഡാക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: