എരഞ്ഞോളിയില്‍ പകല്‍ വീട് മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു

2 / 100


കേരളത്തിലെ വൃദ്ധജനസംഖ്യാ വളര്‍ച്ചയെക്കുറിച്ച് കൃത്യമായ കാഴ്ച്ചപ്പാടോടെയാണ്  സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വയോജനങ്ങള്‍ക്കായി ആരംഭിച്ച പകല്‍ വീടിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ സംസ്ഥാനം ആരോഗ്യ സംരക്ഷണത്തിന് വലിയ  പ്രാധാന്യം നല്‍കിയതിനാല്‍ ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യമാണ് കൈവരിച്ചത്. മുന്‍ തലമുറകളുടെ ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനമാണ് കേരളത്തെ ഇന്ന് കാണുന്ന നിലയില്‍ എത്തിച്ചത്. ഇന്നത്തെ തലമുറ അനുഭവിക്കുന്ന സുഖ സൗകര്യങ്ങള്‍ അവര്‍ ഉണ്ടാക്കിയതാണ്. സംസ്ഥാനം നേടിയ വളര്‍ച്ചയില്‍ അവരുടെ പങ്ക് നിര്‍ണായകമാണ്. ആയതിനാല്‍ വൃദ്ധജനങ്ങളെ നല്ല രീതിയില്‍ പരിരക്ഷിക്കേണ്ടതും ആ ഉത്തരവാദിത്തം വിട്ടുവീഴ്ചയില്ലാതെ നിര്‍വഹിക്കേണ്ടതും അവര്‍ക്കാവശ്യമായ പരിഗണന നല്‍കേണ്ടതും നമ്മുടെ കടമയാണ്. വിവിധ കാരണങ്ങളാല്‍ ഒറ്റപ്പെട്ടു പോകുന്ന വയോജനങ്ങളെ ചേര്‍ത്ത് പിടിച്ചു നാം മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നല്ല ആരോഗ്യം നിലനിര്‍ത്തുന്ന വയോജനങ്ങള്‍ നിരവധിയാണ്. അവര്‍ക്ക് ഇനിയും നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ഇത്തരത്തിലുള്ളവരുടെ കഴിവ് പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചതാണ് ഈ പദ്ധതിയെന്നും പകല്‍ വീടുകളിലൂടെ വയോജനങ്ങളുടെ കഴിവുകള്‍ പരിപോഷിപ്പിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.  വയോജനങ്ങള്‍ക്ക് മാനസിക സംഘര്‍ഷങ്ങളില്ലാതെ ആരോഗ്യത്തോടെയും  സന്തോഷത്തോടെയും  ജീവിക്കാന്‍ പകല്‍വീട് പദ്ധതിയിലൂടെ സാധിക്കും. ഓള്‍ഡ് ഏജ് ഡേ കെയറായാണ്  ഇവ പ്രവര്‍ത്തിക്കുക. കേരളത്തില്‍ നടപ്പിലാക്കി വരുന്ന ഈ പദ്ധതി മറ്റ് സംസ്ഥാനങ്ങള്‍ക്കും മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 23 ലക്ഷം രൂപ ചെലവഴിച്ച് തോട്ടുമ്മല്‍ വാര്‍ഡില്‍ കാവുള്ളതില്‍ ക്ഷേത്ര പരിസരത്താണ് വയോജനങ്ങള്‍ക്കായി പകല്‍ പരിപാലനകേന്ദ്രം ഒരുക്കിയിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വികസന ഫണ്ടും തോട്ടുമ്മല്‍ വാര്‍ഡില്‍ നിന്നും ജനകീയമായി സമാഹരിച്ച ഫണ്ടും ഉപയോഗിച്ചാണ് ആറ് സെന്റ് സ്ഥലം വാങ്ങിയത്.  പഞ്ചായത്തിലെ ഏക വയോജനകേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുന്നതോടെ പ്രദേശത്തെ ഏകാന്തത അനുഭവിക്കുന്ന വയോജനങ്ങള്‍ക്കും ഒരു തണലൊരുങ്ങുകയാണ്. ആലംബഹീനരായ വയോജനങ്ങള്‍ക്ക് പകല്‍ പരിപാലനം എന്നതാണ് പഞ്ചായത്ത് ഇതിലൂടെ ലക്ഷ്യമിടുന്നത്. വ്യായാമം, വായന, മാസത്തില്‍ ഒരിക്കല്‍ മെഡിക്കല്‍ ക്യാമ്പ്, ലഘുഭക്ഷണം, വിനോദം എന്നിവയ്ക്കുള്ള സൗകര്യവും ഒരു കെയര്‍ ടേക്കറുടെ സഹായവും കേന്ദ്രത്തിലുണ്ടാവും.

ചടങ്ങില്‍ എ എന്‍ ഷംസീര്‍ എം എല്‍ എ അധ്യക്ഷനായി. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ കെ രമ്യ,  വൈസ് പ്രസിഡണ്ട് ഫസീല ഫാറൂഖ്, സ്ഥിരം സമിതി അംഗങ്ങളായ കണ്ട്യന്‍ ഷീബ, പി സനീഷ്, പഞ്ചായത്ത് സെക്രട്ടറി കെ എം മാത്യു തുടങ്ങിയവര്‍  പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: