കണ്ണൂർ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പുതിയ ഒ പി ബ്ലോക്കും ഡിജിറ്റല്‍ എക്‌സ് റേ യൂണിറ്റും ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു

6 / 100
കണ്ണൂര്‍ ജില്ലാ ആശുപത്രിയെ ഇപ്പോഴത്തെ നിലവാരത്തിലേക്കുയര്‍ത്തുന്നതില്‍ ജില്ലാ പഞ്ചായത്ത് വഹിച്ച പങ്ക് മാതൃകാപരമാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് ആവശ്യമായ മികച്ച സൗകര്യങ്ങളൊരുക്കുന്നതില്‍ ജില്ലാ പഞ്ചായത്ത് വലിയ താല്‍പര്യമാണ് കാണിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. ജില്ലാ ആയുര്‍വേദാശുപത്രിയിലെ  ഒ പി ബ്ലോക്ക്, ഡിജിറ്റല്‍ എക്‌സ് റേ യൂണിറ്റ്, കാന്റീന്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ തുറമുഖ – പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി.
സംസ്ഥാനത്തെ തന്നെ മികച്ച ജില്ലാ ആയുര്‍വേദ ആശുപത്രിയായി കണ്ണൂര്‍ ജില്ലാ ആശുപത്രിയെ മാറ്റാന്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചതായും മന്ത്രി പറഞ്ഞു. ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിലുള്‍പ്പെടെ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം കൊടുത്തത്. ആശുപത്രികളെ രോഗീസൗഹൃദങ്ങളാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് ആര്‍ദ്രം മിഷന്റെ ഭാഗമായി നടക്കുന്നത്. ഇതിന്റെ ഫലമായി ആശുപത്രി കെട്ടിടങ്ങളുടെയും സൗകര്യങ്ങളുടെയും ചികില്‍സയുടെയും ചികില്‍സാ ഉപകരണങ്ങളുടെയുമൊക്കെ കാര്യത്തില്‍ വലിയ മാറ്റങ്ങളുണ്ടായി. ആരോഗ്യ വകുപ്പിനൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള മികച്ച പ്രവര്‍ത്തനങ്ങളാണ് ഇത് സാധ്യമാക്കിയതെന്നും മന്ത്രി പറഞ്ഞു. 
കൊവിഡ് 19 മാഹാമാരിയെ പ്രതിരോധിക്കുന്നതില്‍ ലോകത്തു തന്നെ മികച്ച മാതൃക സൃഷ്ടിക്കാന്‍ കേരളത്തിന് സാധിച്ചത് എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ്. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തദ്ദേശ സ്ഥാപനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പോലിസ് ഉള്‍പ്പെടെയുള്ള വിഭാഗങ്ങളുടെ പിന്തുണ ഇക്കാര്യത്തില്‍ വലിയ മുതല്‍ക്കൂട്ടായി. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തിന് ആഗോളതലത്തില്‍ ലഭിക്കുന്ന പ്രശംസ സര്‍ക്കാരിനും ആരോഗ്യവകുപ്പിനും മാത്രമല്ല, നാം ഓരോരുത്തര്‍ക്കും അവകാശപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. 
സാമ്പത്തിക പ്രതിസന്ധി, ഉയര്‍ന്ന ജനസാന്ദ്രത, ജീവിതശൈലീ രോഗങ്ങളുടെ വര്‍ധനവ് തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളെ മറികടന്നാണ് കൊവിഡ് മരണ നിരക്ക് പിടിച്ചുനിര്‍ത്താന്‍ കൊച്ചുകേരളത്തിന് സാധിച്ചത് എന്നത് അഭിമാനകരമായ നേട്ടമാണ്. കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വപരമായ പങ്കുവഹിക്കാന്‍ ജില്ലാ പഞ്ചായത്തിന് സാധിച്ചതായും മന്ത്രി അഭിപ്രായപ്പെട്ടു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കേണ്ട ദിവസങ്ങളാണ് വരാനിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ എല്ലാവരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ ആയുര്‍വേദ ഡിസ്പന്‍സറികളെ മികവുറ്റതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനകം തുടങ്ങിയതായും മന്ത്രി പറഞ്ഞു. 
പരിമിതമായ സൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടിയിരുന്ന കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 80 ലക്ഷം രൂപ വകയിരുത്തിയാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പാക്കിയത്. ഇതിനായി 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 50 ലക്ഷവും 2018-19ല്‍ 30 ലക്ഷവും വകയിരുത്തി. 5800 ചതുരശ്ര അടിയില്‍ മൂന്ന് നിലകളിലായി നിര്‍മ്മിച്ച കെട്ടിടത്തിലാണ്  ഒ പി ബ്ലോക്ക്, ഡിജിറ്റല്‍ എക്‌സ് റേ യൂണിറ്റ്, 200 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാള്‍, കാന്റീന്‍ എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, വൈസ് പ്രസിഡണ്ട് പി പി ദിവ്യ, സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗം അജിത് മാട്ടൂല്‍, ഡി പി എം ഡോ. കെ സി അജിത് കുമാര്‍, ആശുപത്രി സൂപ്രണ്ടും ഡി എം ഒ ഇന്‍ചാര്‍ജുമായ ഡോ. ടി സുധ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, ആയുര്‍വേദ ആശുപത്രി ലേ സെക്രട്ടറി എം എസ് വിനോദ്, എച്ച് എം സി അംഗങ്ങള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: