മലബാറിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്‌ലിം വനിത മാളിയേക്കൽ മറിയുമ്മ യാത്രയായി

തലശ്ശേരി: മലബാറിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്ലിം വനിത മാളിയേക്കൽ മറിയുമ്മ (97) നിര്യാതയായി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

സഹനത്തിന്റെ കനല്‍വഴിതാണ്ടിയാണ് മറിയുമ്മ ഇംഗ്ലീഷ് അക്ഷരങ്ങളോട് കൂട്ടുകൂടിയത്. മാളിയേക്കല്‍ മറിയുമ്മ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി സഹിച്ച ത്യാഗത്തിന് സമാനത ഏറെയൊന്നും പറയാനില്ല. കോണ്‍വെന്റ് സ്‌കൂളിലേക്കുള്ള യാത്രക്കിടെ ഒവി റോഡിലെ യാഥാസ്ഥിതികരുടെ പരിഹാസവും ശകാരവര്‍ഷവും കണ്ടുംകേട്ടും കണ്ണീരൊഴുക്കിയിട്ടുണ്ടിവര്‍. മുസ്ലിംപെണ്‍കുട്ടിയെ പള്ളിക്കൂടത്തിലയക്കുന്നതിലായിരുന്നു എതിര്‍പ്പ്. തലശേരി മാളിയേക്കല്‍ തറവാട്ടിലിരുന്ന് ഇംഗ്ലീഷ് മറിയുമ്മ ജീവിതം പറയുമ്പോള്‍ നിലനിന്ന സമ്പ്രദായങ്ങള്‍ തട്ടിനീക്കി മുന്നേറിയ ധീരവനിതയുടെ ചിത്രമാണ് ആദ്യം മനസില്‍ പതിയുക. 1938-43 കാലത്ത് തലശേരി കോണ്‍വെന്റ് സ്‌കൂളിലെ ക്ലാസില്‍ ഏകമുസ്ലിംപെണ്‍കുട്ടിയായിരുന്നു മാളിയേക്കല്‍ മറിയുമ്മയെന്ന് പറഞ്ഞാല്‍ വിശ്വാസിക്കാന്‍ പ്രായസം തോന്നും. റിക്ഷാവണ്ടിയില്‍ ബുര്‍ഖയൊക്കെ ധരിച്ചാണ് സ്‌കൂളില്‍ പോവുക. ഒവി റോഡിലെത്തിയാല്‍ അന്നത്തെ സമുദായ പ്രമാണിമാര്‍ കാര്‍ക്കിച്ച് തുപ്പുമായിരുന്നു. വലിയ മന:പ്രയാസമാണ് അന്നനുഭവിച്ചത്. കണ്ണീരൊഴുക്കിയിട്ടുണ്ട്. ഇനി പഠിക്കാന്‍ വയ്യെന്ന് ഉപ്പയോട് പറയുകപോലും ചെയ്തു. യാഥാസ്ഥിതികരുടെ ശല്യം അസഹ്യമായപ്പോള്‍ കോണ്‍വെന്റില്‍ തന്നെ പ്രാര്‍ഥനക്കും ഭക്ഷണം കഴിക്കാനും ഉപ്പ സൗകര്യം ഏര്‍പ്പെടുത്തിക്കൊടുത്തിരുന്നു. ഉപ്പ ഒ വി അബ്ദുള്ള സീനിയറും ഗ്രാന്റ് മദര്‍ ബീഗം തച്ചറക്കല്‍ കണ്ണോത്ത് അരീക്ക സ്ഥാനത്ത് പുതിയമാളിയേക്കല്‍ ടിസി കുഞ്ഞാച്ചുമ്മയുമാണ് ധൈര്യംതന്നത്. വിവാഹശേഷം പഠിക്കാന്‍ ഭര്‍ത്താവ് വി ആര്‍ മായിനലിയും പ്രോത്സാഹിപ്പിച്ചു. അന്നത്തെ എതിര്‍പ്പിനും അരുതെന്ന മുറിവിളിക്കും കീഴടങ്ങിയിരുന്നെങ്കില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടാനാകുമായിരുന്നില്ലെന്ന് മറിയുമ്മ പല പ്പോഴും പറയുമായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: