പത്താംതരം, ഹയർസെക്കണ്ടറി തുല്യതാ പരീക്ഷ 13 മുതൽ, എഴുതുന്നത് 1674 പേർ

സാക്ഷരതാ മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടത്തുന്ന പത്താംതരം, ഹയർസെക്കണ്ടറി തുല്യതാ പരീക്ഷകൾ എഴുതാൻ ജില്ലയിൽ തയ്യാറെടുക്കുന്നത് 1674 പേർ. പത്താംതരത്തിൽ 522 പേരും ഹയർ സെക്കണ്ടറിയിൽ ഒന്നാം വർഷം 618 പേരും രണ്ടാം വർഷം 534 പേരുമാണ് പരീക്ഷ എഴുതുക. ഇതിൽ 967 പേർ സ്ത്രീകളും 707 പേർ പുരുഷൻമാരുമാണ്. പട്ടികവർഗ വിഭാഗത്തിൽ നിന്നും 26 പേരും പട്ടികജാതി വിഭാഗത്തിൽ നിന്നും 45 പേരും, ഭിന്നശേഷിക്കാരായ 29 പേരും ഇക്കുറി പരീക്ഷ എഴുതും. 

ആഗസ്റ്റ് 13ന് ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷയും 17ന് പത്താംതരം തുല്യതാ പരീക്ഷയും ആരംഭിക്കും.  ഹയർ സെക്കണ്ടറി തുല്യതയ്ക്ക് എട്ടും, പത്താംതരം തുല്യതയ്ക്ക് പന്ത്രണ്ടും പരീക്ഷാകേന്ദ്രങ്ങളാണ് ഉള്ളത്. ജില്ലയിൽ ഹയർ സെക്കണ്ടറി തുല്യതയ്ക്ക് പതിനേഴും പത്താംതരത്തിൽ പതിനാറും പഠനകേന്ദ്രങ്ങളാണുള്ളത്. കോവിഡ് കാലത്ത് ഓൺലൈനായും പിന്നീട് ഓഫ്ലൈനുമായി ക്ലാസുകൾ നൽകി.  ഹയർ സെക്കണ്ടറി പാസ്സാകുന്നവർക്ക് ബിരുദ കോഴ്സുകളിലും പത്താംതരം പാസാകുന്നവർക്ക് പ്ലസ് വണ്ണിലും പ്രവേശനം ലഭിക്കും. 

18 മുതൽ 77 വയസ്സുവരെയുള്ളവർ പരീക്ഷ എഴുതുന്നുണ്ട്. ജനപ്രതിനിധികൾ, സർക്കാർ, സഹകരണ മേഖലകളിൽ ജോലി ചെയ്യുന്നവർ, തൊഴിലാളികൾ, വീട്ടമ്മമാർ തുടങ്ങി വ്യത്യസ്ഥ മേഖലകളിലുള്ളവരാണിവർ. പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ടി റംലയും പാനൂർ ഹയർസെക്കണ്ടറി സ്‌കൂളിൽ പരീക്ഷ എഴുതുന്നവരിൽ ഉൾപ്പെടുന്നു. പള്ളിക്കുന്ന് ഹയർസെക്കണ്ടറി സ്‌കൂളിൽ 77 വയസ്സുള്ള മുഹമ്മദ് മൈക്കാരൻ പരീക്ഷ എഴുതും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: