നടനചാരുതയുടെ
വിജയമുദ്ര :എന്‍.വി. കൃഷ്ണന്‍മാസ്റ്റര്‍ പുരസ്‌കാര നിറവില്‍

0

പയ്യന്നൂര്‍: നൃത്താധ്യാപനരംഗത്ത് മൂന്ന് പതിറ്റാണ്ടായി സജീവമായി നിലകൊള്ളുന്ന എന്‍ വി കൃഷ്ണന്‍ മാസ്റ്റര്‍ ക്ഷേത്രകലാ ഫെലോഷിപ്പ് പുരസ്‌കാര നിറവില്‍.
ചെന്നയിലെ ലോകപ്രശസ്തയായ രുഗ്മണിദേവി അരുണ്ഡേലിന്റെ കലാക്ഷേത്രത്തില്‍ നിന്നും നൃത്ത പഠനം പൂര്‍ത്തിയാക്കിയ കൃഷ്ണന്‍മാസ്റ്റര്‍ പത്മഭൂഷണ്‍ വി പി ധനഞ്ജയന്റെയും ശാന്ത ധനഞ്ജയന്റെയും ഭരതകലാഞ്ജലിയിലൂടെയാണ് നൃത്താധ്യാപകനായി രംഗത്തു വന്നത്.
ഭരതനാട്യത്തിലും കുച്ചുപിടിയിലും മോഹനിയാട്ടത്തിലും കഥകളിയിലും കേരള നടനത്തിലുമെല്ലാം
കഴിവുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തി കൂടതല്‍ പരിശീലനം നല്‍കി ഉന്നതിയിലെത്തിച്ചിരുന്നു.
കലാതിലകപ്പട്ടം നേടിയ പ്രശസ്ത അഭിനേത്രിയായ മഞ്ജുവാര്യര്‍ കൃഷ്ണന്‍ മാസ്റ്ററുടെ പ്രിയശിഷ്യയായിരുന്നു. പ്രശസ്ത ചലച്ചിത്ര നടന്‍ വിനീത്കുമാര്‍, അനുപമ കൃഷ്ണന്‍, മുരളി എച്ച് ഭട്ട്, എം.കെ. ഷിജിത്കുമാര്‍, സി. വിപിന്‍ദാസ്.. തുടങ്ങി നീളുന്നു കലാപ്രതിഭ, തിലക പട്ടങ്ങള്‍ നേടിയ കൃഷ്ണന്‍ മാസ്റ്ററുടെ ശിഷ്യപരമ്പര.
സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദികളെ ഒരു കാലത്ത് കയ്യടക്കി വാണിരുന്ന കൃഷ്ണന്‍ മാസ്റ്റരുടെ ശിഷ്യപരമ്പര യൂണിവേഴ്‌സിറ്റി കലോത്സവങ്ങളിലും കലാതിലക പ്രതിഭാ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടുകയുണ്ടായി. യൂണിവേഴ്‌സിറ്റി കലോത്സവ വിജയികളായ ഹീര കെ.പി., സവിത ബാലകൃഷ്ണന്‍, നമിത വാസുദേവന്‍, പി.കെ. സംഘമിത്ര, സംഗീത രാജഗോപാല്‍, ശില്പ ജി, സംസ്ഥാന സ്‌കൂള്‍തല വിജയികള്‍ ശ്രീജന്‍, അപര്‍ണ ശങ്കര്‍, ശ്രീവിദ്യ വേണുഗോപാല്‍, നീതു എ. കുമാര്‍, അസിക, ശ്രീലക്ഷ്മി, വിനീത് നാരായണന്‍ കുട്ടി എന്നിവരും കൃഷ്ണന്‍ മാസ്റ്റരുടെ പ്രിയശിഷ്യര്‍ തന്നെ.
തന്റെ മുഖഭാവത്തിലൂടെയും കൈകളില്‍ രൂപം നല്‍കുന്ന മുദ്രകളും അതേ പടി വിദ്യാര്‍ത്ഥികളില്‍ സന്നിവേശിപ്പിച്ച് ദ്രുതതാളത്തില്‍ സംഗീതവും നൃത്തവും പഠിപ്പിക്കുന്നതാണ് മാസ്റ്ററുടെ ശൈലി. കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി നൃത്തം അഭ്യസിപ്പിക്കുന്ന
കൃഷ്ണന്‍മാസ്റ്ററുടെ ഭരതാഞ്ജലിയില്‍ മുന്നുറോളം വിദ്യാര്‍ത്ഥികളാണ് പഠനത്തനെത്തുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ വീട്ടമ്മമാരും പഠനത്തിനെത്തുന്നുണ്ടെന്ന് കൃഷ്ണന്‍മാസറ്ററും മകളുമായ യൂനിവേഴ്‌സിറ്റി കലാതിലകം ചൂടിയ സംഘമിത്രയും പറയുന്നു.
നൃത്താധ്യാപകനെന്നതിലുപരി നല്ലൊരു കളരി അഭ്യാസിയുമാണ് കൃഷ്ണന്‍ മാസ്റ്റര്‍. വളരെ ചെറുപ്പത്തില്‍ തന്നെ ആയോധനകലയായ കളരിപ്പയറ്റ് സ്വായത്തമാക്കിയ
കൃഷ്ണന്‍മാസ്റ്റര്‍ 72 -ാം വയസിലും കളരിപ്പയറ്റിലെ പുതിയ മേഖലകള്‍ സ്വയം സ്വായത്തമാക്കുന്നതോടൊപ്പം പുതിയ തലമുറക്ക് കൈമാറുന്നതിനും സമയം കണ്ടെത്തുന്നു.
കഥകളിയിലും കൃഷ്ണന്‍ മാസ്റ്റര്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.നിരവധി വേദികളില്‍ കഥകളി അവതരിപ്പിക്കുകയും വിവിധ പുരസ്‌കാരങ്ങള്‍ നേടിയിട്ടുമുണ്ട്.
പ്രശസ്ത കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ശ്രുതിലയ സംഗീത വിദ്യാലയത്തിന്റെ പത്താം വാര്‍ഷികാഘോഷ ത്തോടനുബന്ധിച്ച് പ്രശസ്ത സംഗീത ചക്രവര്‍ത്തി ശ്രീ. വി. ദക്ഷിണാമൂര്‍ത്തിയില്‍ നിന്ന് ”നൃത്തകലാനിധി’ എന്ന ബഹുമതി ഏറ്റുവാങ്ങി.
1983 മുതല്‍ 1993 വരെ ഭരതനാട്യം, കഥകളി, കഥകളി സംഗീതം, മോഹിനിയാട്ടം എന്നിവയില്‍ ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ എന്നീ പരീക്ഷകള്‍ക്കുള്ള കേരള ഗവണ്മെന്റിന്റെ ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെ ചെയര്‍മാനായും അദ്ദേഹം നിയമിക്കപ്പെട്ടു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ബി.എ ഡാന്‍സ് കോഴ്‌സിന്റെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് മെമ്പറായിരുന്നു.
2003ല്‍ കൃഷ്ണന്‍ മാസ്റ്റര്‍ക്ക് കേരള കലാമണ്ഡലം അവാര്‍ഡ് ലഭിച്ചു. ക്ലാസ്സിക്കല്‍ ഡാന്‍സിന് മികച്ച സേവനം ചെയ്ത കലാകാരന്‍ എന്ന നിലയില്‍ 2005ല്‍ കാര്‍പ്പണം അവാര്‍ഡ് ലഭിച്ചു. 2004ല്‍ കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെലോഷിപ്പ്, 2006 നവംബര്‍ 30ന് വീരപഴശ്ശി അനുസ്മരണ സമിതി നാട്യശ്രീ ബഹുമതി, 2006 ല്‍ കലൈമാമണി രത്‌നം ബഹുമതിയും 2012ല്‍ കേരള സംഗീത നാടക അക്കാദമിയുടെ പരമോന്നത ബഹുമതിയായ കലാ ഫെല്ലോഷിപ്പും അദ്ദേഹത്തെ തേടിയെത്തി. ചിറക്കല്‍ കോവിലകം പട്ടുംവളയും’ നല്‍കി അദ്ദേഹത്തെ ആദരിച്ചു.
2008 ഒക്ടോബര്‍ 2ന് തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രസന്നിധിയില്‍ വെച്ച്. എന്‍.വി. കൃഷ്ണന്‍ മാസ്റ്ററെ ‘വീരശൃംഖലയും’, ‘നാട്യനിപുണ’ ബഹുമതിയും നല്‍കി ആദരിച്ചു. ഭാര്യ പി കെ ഗീത, മക്കള്‍: സംഘമിത്ര, മഹേന്ദ്രന്‍, അംബരീഷ്.
യൂണിവേഴ്‌സിറ്റി കലോത്സവങ്ങളിലും കലാ പ്രതിഭാ പുരസ്‌കാരങ്ങള്‍ നേടിയ
മകള്‍ സംഘമിത്രയും നൃത്താധ്യാപനരംഗത്ത് സജീവമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading