കൊവിഡ്: സാമൂഹ്യവ്യാപനം ഒഴിവാക്കുന്നതിന് ജാഗ്രത പുലര്‍ത്തണം ഡിഎംഒ

ജില്ലയില്‍ കോവിഡ് – 19 സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സാമൂഹ്യവ്യാപനം ഒഴിവാക്കുന്നതിന് പൊതുജനങ്ങള്‍  ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ കെ നാരായണ നായ്ക് അറിയിച്ചു. ദൈനംദിന ജീവിതത്തില്‍ ഓരോ വ്യക്തിയും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതും ഏതുതരത്തിലുള്ള ഒത്തുചേരലുകളും പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതുമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാത്ത യാത്രകള്‍ ഒഴിവാക്കുക. രോഗലക്ഷണങ്ങളുള്ളവര്‍ ഒരു കാരണവശാലും പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കരുത്. 
രോഗലക്ഷണങ്ങളുണ്ടായാല്‍  തൊട്ടടുത്ത സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രവുമായോ ജില്ലാ കണ്‍ട്രോള്‍ സെല്ലുമായോ ഫോണ്‍ മുഖേന ബന്ധപ്പെട്ടോ നിര്‍ദേശങ്ങള്‍ അനുസരിക്കുക. 
പൊതുഗതാഗതം ഉപയോഗിക്കുന്നവര്‍ സാമൂഹിക അകലം ഉറപ്പുവരുത്തുകയും സഹയാത്രികരുമായുളള സമ്പര്‍ക്ക സാധ്യതകള്‍ പരമാവധി കുറയ്ക്കുകയും ചെയ്യുക.
വിവാഹം പോലുള്ള ചടങ്ങുകളും, സന്ദര്‍ശനങ്ങളും പരമാവധി ഒഴിവാക്കുക. വീട്ടിലും പുറത്തും സാമൂഹിക അകലം കര്‍ശനമായി പാലിക്കുക. മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കുക. 20 സെക്കന്റ് നേരം സോപ്പു ഉപയോഗിച്ചോ അല്ലെങ്കില്‍  സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ അണു വിമുക്തമാക്കുക. പുറത്തു പോകുമ്പോള്‍ കൈയില്‍ സാനിറ്റൈസര്‍ കരുതുക. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതും മാസ്‌ക് അലക്ഷ്യമായി വലിച്ചെറിയുന്നതും ഒഴിവാക്കുക. ജോലി സ്ഥലങ്ങളില്‍ സാമൂഹിക അകലവും സര്‍ക്കാര്‍ നിര്‍ദേശങ്ങളും പാലിക്കുക.
അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക. രോഗബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കുകയും നിങ്ങള്‍ എവിടെയാണോ അവിടെ സുരക്ഷിതരായിരിക്കുകയും ചെയ്യുക.
അക്ഷയകേന്ദ്രങ്ങള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ കാര്യാലയങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മാത്രം പ്രവേശിക്കുക. എപ്പോഴും നിങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുക.
കറന്‍സി നോട്ടുകള്‍, നാണയങ്ങള്‍ പോലുള്ള ഇടപാടുകള്‍ നടത്തുമ്പോള്‍ കൈകള്‍ അണുവിമുക്തമാക്കുക.
ക്വാറന്റയിനില്‍ കഴിയുന്നവര്‍ ഒരു കാരണവശാലും പുറത്തു പോകുകയോ വീട്ടിലെ മറ്റ് അംഗങ്ങളുമായി ഇടപഴകുകയോ ചെയ്യരുത്. ക്വാറന്റയിനില്‍ കഴിയുന്നവര്‍ ഉള്ള വീടുകളിലെ മറ്റ് അംഗങ്ങള്‍ സാമൂഹിക ചടങ്ങുകളില്‍ പങ്കെടുക്കുന്നത് ഒഴിവാക്കുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: