കൊവിഡ് പ്രതിരോധം: കലക്ടര്‍ക്ക്  ചീഫ് സെക്രട്ടറിയുടെ അഭിനന്ദനം

കൊവിഡ് മഹാമാരിയുടെ കാലത്തെ ഭരണപരമായ വെല്ലുവിളികളെ വിജയകരമായി കൈകാര്യം ചെയ്ത നേതൃമികവിന് ജില്ലാ കലക്ടര്‍ ടി വി സുഭാഷിന് ചീഫ് സെക്രട്ടറിയുടെ അഭിനന്ദനം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ കലക്ടര്‍ എന്ന നിലയില്‍ നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചാണ് ചീഫ് സെക്രട്ടറി  വിശ്വാസ് മേത്ത കത്തയച്ചത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്റെ മികവാര്‍ന്ന നേട്ടം ലോകമാകെ അംഗീകരിച്ചതാണ്. ഇക്കാര്യത്തില്‍ ജില്ലാ കലക്ടര്‍ എന്ന നിലയില്‍ താങ്കള്‍ വഹിച്ച നിര്‍ണായക പങ്ക് പ്രധാനമാണെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.  
അതിഥി തൊഴിലാളികളെ സ്വദേശങ്ങളിലേക്ക് മടക്കി അയക്കുന്നതിലും, ജില്ലയിലെ റേഷന്‍ കിറ്റ് വിതരണം സമയോചിതമായും ഫലപ്രദമായും പൂര്‍ത്തീകരിച്ചതിലും തുടങ്ങി ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കല്‍, സമൂഹ അടുക്കളകള്‍, കൊവിഡ് ആശുപത്രികളുടെ സജ്ജീകരണം എന്നിങ്ങനെ വിവിധ മേഖലകളെ ഏകോപിപ്പിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളെ ചീഫ് സെക്രട്ടറി പ്രത്യേകം അഭിനന്ദിച്ചു.
ഇക്കാര്യങ്ങളെല്ലാം തികഞ്ഞ പ്രതിബന്ധതയോടെ നിര്‍വഹിക്കാന്‍ കലക്ടര്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്.  കേരളത്തിലെ കൊവിഡ് രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഊര്‍ജിതമാക്കി നേതൃത്വം നല്‍കുകയും മഹാവ്യാധിക്കെതിരെയുള്ള പോരാട്ടങ്ങള്‍ തുടരുകയും വേണമെന്നും ചീഫ് സെക്രട്ടറി ആശംസിച്ചു. പ്രതിസന്ധികളും പ്രതിബന്ധങ്ങളും എത്ര വലുതായാലും ഒറ്റക്കെട്ടായി നേരിടാമെന്നും കത്തില്‍ പറയുന്നു. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: