കാശ്മീരില്‍ സ്ഥിതിഗതികള്‍ ഗുരുതരം:മോദിയും അമിത് ഷായും കൂടിക്കാഴ്ച നടത്തുന്നു, വന്‍ നീക്കത്തിനൊരുങ്ങി കേന്ദ്രം

കശ്മീരിലെ സ്ഥിഗതികള്‍ വഷളാകുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രിയുടെ ന്യൂഡല്‍ഹിയിലെ ഔദ്യോഗിക വസതിയായ 7,ലോക് കല്യാണ്‍ മാര്‍ഗില്‍ വച്ചാണ് ഇവര്‍ തമ്മില്‍ യോഗം ചേരുക. യോഗത്തില്‍ കേന്ദ്ര സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുക്കും. 9:30നാണ് യോഗം തുടങ്ങുന്നത്. കാശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ വന്‍ നീക്കങ്ങള്‍ക്കൊരുങ്ങുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്.ജമ്മു കാശ്‌മീരില്‍ വന്‍ സൈനിക വിന്യാസം നടത്തുന്നത് സംസ്ഥാനത്തിന് പ്രത്യേക പദവിയും അവകാശങ്ങളും നല്‍കുന്ന ഭരണഘടനയിലെ 370, 35 എ വകുപ്പുകള്‍ റദ്ദാക്കുന്നതിന്റെ മുന്നൊരുക്കമാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കാശ്‌മീര്‍ സ്ഥിതിയാണ് ഇവര്‍ ചര്‍ച്ച ചെയ്തതെന്നാണ് സൂചന. ഇന്റലിജന്‍സ് ബ്യൂറോ മേധാവി അരവിന്ദ് കുമാര്‍, ‘റോ’ മേധാവി സാമന്ത് ഗോയല്‍, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇപ്പോള്‍ വീട്ടുതടങ്കലിലാണ്‌. ഞായറാഴ്ച അര്‍ദ്ധരാത്രിയാണ് നേതാക്കളെ കാരണം പുറത്ത് പറയാതെ വീട്ടുതടങ്കലില്‍ ആക്കിയത്. കോണ്‍ഗ്രസ് നേതാവ് ഉസ്മാന്‍ മജീദ്, സി.പി.എം നേതാവ് എം.വൈ. തരിഗാമ എന്നിവരേയും വീട്ടുതടങ്കലില്‍ ആക്കിയിട്ടുണ്ട്. ഇതിനിടെ സെക്ഷന്‍ 144. സി.ആര്‍.പി.സി അനുസരിച്ച്‌ ശ്രീനഗറില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. രജൗറി, ഉധംപൂര്‍ ജില്ലകളിലും കാശ്മീര്‍ താഴ്‌വരയിലും നിരോധനാജ്ഞ നിലവിലുണ്ട്.
ഇതിന്റെയൊപ്പം പൊതുയോഗങ്ങളും റാലികളും നിരോധിച്ചു. അതേസമയം കാശ്മീരിലെ ഇപ്പോഴത്തെ അവസ്ഥയോടുള്ള പ്രതികരണമായി പ്രതിപക്ഷം പാര്‍ലമെന്റില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസും, സി.പി.എമ്മുമാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. ഏതാനും ദിവസം മുന്‍പ് കാശ്മീര്‍ സര്‍ക്കാര്‍ അമര്‍നാഥ് തീര്‍ത്ഥാടകരോട് യാത്രകള്‍ അവസാനിപ്പിക്കാനും, അവിടുത്തെ വിനോദസഞ്ചാരികളോട് തിരികെ പോകാനും ആവശ്യപെട്ടിരുന്നു. ഭീകരവാദ ഭീഷണി ഉണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് കാശ്മീര്‍ സര്‍ക്കാര്‍ ഈ തീരുമാനം എടുത്തിരുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: