വ്യാജ പാസ്‌പോര്‍ട്ട്: 2015 ല്‍ മരണപ്പെട്ട കാസര്‍കോട് സ്വദേശിയുടെ മൃതദേഹം ബന്ധുക്കളെ കണ്ടെത്താനാകാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചത് രണ്ടര വര്‍ഷം,

ദമ്മാം: വ്യാജ പാസ്‌പോര്‍ട്ടില്‍ ഗള്‍ഫിലെത്തി 2015 ല്‍ മരണപ്പെട്ട കാസര്‍കോട് സ്വദേശിയുടെ മൃതദേഹം ബന്ധുക്കളെ കണ്ടെത്താനാകാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചത് രണ്ടര വര്‍ഷം. ഒടുവില്‍ ഇതുസംബന്ധിച്ച് കണ്ണൂർ വാർത്തകൾ ഓൺലൈൻ അടക്കം മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും ഇതോടെ ബന്ധുക്കളെ കണ്ടെത്താനും കഴിഞ്ഞു. കാസര്‍കോട് ബദിയടുക്കയിലെ പരേതനായ കന്യപ്പാടി കുഞ്ഞഹ് മദിന്റെ മകന്‍ ഹസൈനാര്‍ ആണ് മരിച്ചതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു

അല്‍ഖോബാറിലെ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിപ്പുകാരനായിരുന്ന ഹസൈനാര്‍ 2015 ലാണ് അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ മരണപ്പെട്ടത്. കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശി കോയമൂച്ചി എന്നായിരുന്നു പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. മരിച്ചയുടന്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ സ്‌പോണ്‍സര്‍ തയ്യാറായെങ്കിലും കോഴിക്കോട്ടും മറ്റും ബന്ധുക്കളെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെ മൃതദേഹം ആശുപത്രിയില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. രണ്ടര വര്‍ഷം കഴിഞ്ഞിട്ടും ബന്ധുക്കളെത്താതായതോടെ ആശുപത്രി അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അവിടെത്തന്നെ സംസ്‌കരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മാധ്യമവാര്‍ത്ത കണ്ടതോടെ മൃതദേഹം തിരിച്ചറിയുകയായിരുന്നു.

ബന്ധുക്കളായ മൊയ്തീന്‍ മംഗള്‍വാര്‍, മുഹമ്മദ് ഉളുവാര്‍ എന്നിവര്‍ മൃതദേഹം തിരിച്ചറിഞ്ഞു. ഹസൈനാറിന്റെ പിതാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടിരുന്നു. മാതാവ് രണ്ട് വര്‍ഷം മുമ്പ് മരിച്ചു. ബന്ധം വ്യക്തമാക്കുന്ന രേഖകള്‍ സമര്‍പ്പിച്ചാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. രേഖകള്‍ ശരിയാക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍. 22 വര്‍ഷം മുമ്പ് സൗദിയില്‍ എത്തിയതാണ് ഹസൈനാര്‍. മരിക്കുന്നതിന് 12 വര്‍ഷം മുമ്പാണ് ഏറ്റവും ഒടുവില്‍ നാട്ടില്‍ പോയി വന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: