ജൂലൈ 10 വരെ കണ്ണൂർ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം നിർത്തിവച്ചു

0

കണ്ണൂർ : മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജൂലൈ 10 വരെ ജില്ലയിലെ എല്ലാ കരിങ്കൽ ക്വാറികളുടെയും ചെങ്കൽ ക്വാറികളുടെയും പ്രവർത്തനം  താൽക്കാലികമായി നിർത്തിവെക്കാൻ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.

സാഹചര്യമുണ്ടായാൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങാനാവശ്യമായ നടപടികൾ എല്ലാ താലൂക്ക് തഹസിൽദാർമാരും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും സ്വീകരിക്കാൻ നിർദേശം നൽകി.

ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ആവശ്യമെങ്കിൽ കയാക്കിങ് ടീമുകളുടെയും ഹാം റേഡിയോ ഓപ്പറേറ്റർമാരുടെയും സേവനം ഉപയോഗപ്പെടുത്തും.

ദേശീയപാതയോരത്ത് കുറ്റിക്കോൽ പാലം മുതൽ കുപ്പം പാലം വരെ അപകടാവസ്ഥയിൽ ചാഞ്ഞു നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ അടിയന്തിര നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് (ദേശീയപാത വിഭാഗം) എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദേശം നൽകി.

വൈദ്യതിലൈനിലേക്കും പോസ്റ്റുകളിലേക്കും അപകടകരമായ വിധത്തിൽ ചാഞ്ഞു നിക്കുന്ന മരങ്ങളും ചില്ലകളും നീക്കം ചെയ്തിട്ടുണ്ടെന്ന് കെ എസ് ഇ ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, കണ്ണൂർ അറിയിച്ചു. പുതുതായി ശ്രദ്ധയിൽപ്പെടുന്നവ അടിയന്തരമായി നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

ഏരുവേശ്ശി ഗ്രാമപഞ്ചായത്തിലെ പൂപ്പറമ്പ്-നെല്ലിക്കുറ്റി റോഡിൽ സൈൻബോർഡുകളും ഹാൻഡ് റെയിലും സ്ഥാപിക്കാൻ നിർദേശം നൽകും. ഈ റോഡിൽ അപകടങ്ങൾ കൂടുതലായി സംഭവിക്കാൻ സാധ്യതയുണ്ടെന്ന് ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് ഡിവിഷണൽ ഓഫീസർ ചൂണ്ടിക്കാണിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

യോഗത്തിൽ എഡിഎം കെ കെ ദിവാകരൻ, സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ സംബന്ധിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: