വിജിലൻസ് അന്വേഷണമെന്ന ഉമ്മാക്കി കൊണ്ട് കെ സുധാകരനെ പ്രതിരോധിക്കാൻ ഇടത് സർക്കാറിന് കഴിയില്ല; സതീശൻ പാച്ചേനി

0

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വ്യാജ പരാതി സൃഷ്ടിച്ച് വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ് നല്കിയ നടപടി പിണറായി സർക്കാറിന്റെ പകപോക്കൽ രാഷ്ട്രീയ സമീപനത്തിന്റെ ഭാഗമാണെന്നും
ഇടതു സർക്കാറിന്റെ വിജിലൻസ് അന്വേഷണമെന്ന ഉമ്മാക്കി കാണിച്ചാലൊന്നും കെ സുധാകരനെന്ന രാഷ്ട്രീയ കൊടുങ്കാറ്റിനെ തടഞ്ഞ് നിർത്താനും പ്രതിരോധിക്കാനും ഇടത് സർക്കാറിന് കഴിയില്ലെന്നും ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു.

സിപിഎമ്മിന്റെ വധശ്രമം ഉൾപ്പെടെയുള്ള നിരവധി ഗുരുതര പ്രതിസന്ധികൾ തരണം ചെയ്ത് വന്ന കെ സുധാകരന് മുമ്പിൽ ഇത്തരം അന്വേഷണങ്ങൾ നിസ്സാരമായ കാര്യങ്ങൾ മാത്രമാണ്. കെ സുധാകരൻ എം.പി കെപിസിസിയുടെ പ്രസിഡന്റായി ചുമതല ഏറ്റെടുത്തത് മുതൽ പരിഭ്രാന്തരായത് പോലെ ഉള്ള സമീപനമാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. രാഷ്ട്രീയപരമായി ആക്രമിക്കാനും ഒറ്റപ്പെടുത്താനും ശ്രമിച്ചപ്പോഴും കേസെടുത്തു തളർത്തി കളയാൻ ശ്രമിച്ചപ്പോഴും കൂടുതൽ കരുത്തോടെ ഉയർന്ന് നിൽക്കുന്ന കെ സുധാകരനെ ആണ് ഇന്നലകളിൽ കേരളം കണ്ടിട്ടുള്ളതെന്ന് സിപിഎം നേതാക്കളും ഇടത് ഭരണകൂടവും ഓർക്കുന്നത് നല്ലതാണ്.

കഴിഞ്ഞ അഞ്ചു വർഷക്കാലം മുഖ്യമന്ത്രിയായി ഭരണം നടത്തിയ പിണറായി വിജയന്റെ മുൻപിൽ അപ്പോഴൊന്നും ലഭ്യമാകാത്ത പരാതി ഇപ്പോൾ വന്നതിന് പിന്നിലുള്ള ചേതോവികാരം മലയാളികൾക്ക് മനസ്സിലാകുന്നുണ്ട്.
രാഷ്ട്രീയപരമായി ഏറ്റുമുട്ടി പരാജയപ്പെട്ടപ്പോൾ ഉള്ള ജാള്യത മറക്കാൻ അധികാരമുപയോഗിച്ച് കേസെടുത്ത് ഒതുക്കി കളയാമെന്നുള്ള വ്യാമോഹത്തിൽ സിപിഎമ്മും ഇടതുസർക്കാറും അകപ്പെട്ടിരിക്കുകയാണ്.

കെ സുധാകരൻ എം.പിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിന്റെ രാഷ്ട്രീയ പോരാട്ടം തുടങ്ങിയിട്ടേ ഉള്ളൂ എന്നത് ഇടത് സർക്കാറിനെ നയിക്കുന്ന മുഖ്യമന്ത്രി ഓർക്കുന്നത് നല്ലതാണെന്നും കെ.സുധാകരൻ എം പി ക്കെതിരെ നിരവധി വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് സ്വയം പരിഹാസ്യരായ സിപിഎം നേതാക്കൾ
ഇത്തരം കേസെടുപ്പിച്ച് വീണ്ടും വീണ്ടും കേരള ജനതക്ക് മുന്നിൽ പരിഹാസ്യരാവുന്ന സാഹചര്യമാണ് വരാൻ പോകുന്നതെന്നും
സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading