കോവിഡ് പ്രതിരോധം: വ്യാപാര സ്ഥാപനങ്ങള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ജില്ലാ ഭരണകൂടം നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും

ജില്ലയിലെ കോവിഡ് 19 രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള കച്ചവട കേന്ദ്രങ്ങള്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ജില്ലാ ഭരണകൂടം പുറത്തിറക്കി. നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും പോലീസും ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള കര്‍ശന നടപടികള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ സ്വീകരിക്കേണ്ടതാണ് എന്നും കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി. 
കണ്ടെയിന്‍മെന്റ് സോണിന്  പുറത്തുള്ള മാര്‍ക്കറ്റുകള്‍, ഹാര്‍ബറുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളില്‍ മാസ്‌ക്ക് ധാരണം, സാമൂഹിക അകലം, സാനിറ്റൈസര്‍ ഉപയോഗം എന്നിവ നിര്‍ബന്ധമായും പാലിക്കുന്നുണെന്ന് ഉറപ്പുവരുത്തണം. 
സ്ഥാപനങ്ങളില്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്നില്ലെന്നും ഒരേ സമയം അഞ്ചില്‍ കൂടുതല്‍ ആളുകള്‍ സ്ഥാപനത്തില്‍ പ്രവേശിക്കുന്നില്ലെന്നും സ്ഥാപന ഉടമകള്‍ ശ്രദ്ധിക്കണം.
സ്ഥാപനങ്ങളുടെ പ്രവേശന കവാടത്തിനടുത്ത് പ്രവര്‍ത്തന സമയം മുഴുവന്‍ സാനിറ്റൈസര്‍/ ലിക്വിഡ് സോപ്പും വെള്ളവും  ഉപയോഗിച്ച് കൈ വൃത്തിയാക്കാനുള്ള സൗകര്യം സ്ഥാപന ഉടമകള്‍ ഏര്‍പ്പെടുത്തണം.
സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്ന എല്ലാ വ്യക്തികളും ശരിയായി മാസ്‌ക്ക് ധരിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുകയും മാസ്‌ക്ക് ശരിയായി ധരിക്കാത്തവരെ കടയില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം.  
സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്ന എല്ലാ വ്യക്തികളും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് സ്ഥാപന ഉടമകള്‍ ഉറപ്പുവരുത്തണം.
മാളുകള്‍, ജ്വല്ലറികള്‍, ടെക്സ്റ്റയില്‍സ്, ഇലക്ട്രോണിക്‌സ് സ്ഥാപനങ്ങള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരിരോഷ്മാവ് പരിശോധിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ.
10 വയസ്സില്‍ താഴെയുള്ള കുട്ടികളും 60 വയസ്സിന് മുകളില്‍ പ്രായമായവരും സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നത് ഒഴിവാക്കണം.
കച്ചവട സ്ഥാപനങ്ങള്‍ പരമാവധി ഹോം ഡെലിവറി സംവിധാനം പ്രോത്സാഹിപ്പിക്കണം. 
എല്ലാ സ്ഥാപനങ്ങളിലും പ്രത്യേക രജിസ്റ്റര്‍ തയ്യാറാക്കി സൂക്ഷിക്കുകയും ഉപഭോക്താക്കളുടെ പേര് വിവരം മൊബൈല്‍ നമ്പര്‍ സഹിതം രേഖപ്പെടുത്തുകയും വേണം. മേല്‍ രജിസ്റ്ററുകള്‍ ബന്ധപ്പെട്ടവര്‍ ആവശ്യപ്പെടുന്നപക്ഷം പരിശോധനക്കായി ഹാജരാക്കേണ്ടതാണ്.
വ്യാപാര സ്ഥാപനങ്ങള്‍  തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള സമയക്രമം തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും, പോലീസും ചേര്‍ന്ന് നിശ്ചയിക്കണം.
ഇടുങ്ങിയതും വിസ്തൃതി കുറഞ്ഞതുമായ സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവരെ യാതൊരു കാരണവശാലും അകത്ത് പ്രവേശിപ്പിക്കരുത്.
മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ വിവരങ്ങള്‍ പൊതു ജനങ്ങള്‍ക്ക് ബന്ധപ്പെട്ട അധികാരികളെ അറിയിക്കാവുന്നതാണ്.
മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന സമയങ്ങളില്‍  മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: